തൃക്കാക്കര വ്യാജരേഖ കേസ്: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് ജാമ്യം

Share our post

തിരുവനന്തപുരം: ആഭ്യന്തര കലാപം ഉണ്ടാക്കുന്നതിന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് സി.ഐ.യുടെ മുന്നില്‍ സെപ്തംബര്‍ ഒന്നിനും രണ്ടിനും ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഷാജനെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാമെങ്കിലും 50,000 ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലെ വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനാകൂ എന്നായിരുന്നു അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്റെ വാദം. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ കേരളത്തില്‍ ശ്രമം നടക്കുന്നു എന്നായിരുന്നു 2023 മേയ് ആറിനുള്ള വാര്‍ത്ത. ഇതിനെതിരെ കേരള സര്‍ക്കാര്‍ നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്ന് വാർത്തയിൽ കുറ്റപ്പെടുത്തുന്നു. മാത്രമല്ല പ്രധാന മന്ത്രിയുടെ സുരക്ഷ നീക്കം ചോര്‍ന്നത് ഇതിന്റെ ഭാഗമായാണെന്നും ഷാജന്‍ വാര്‍ത്തയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത സംസ്ഥാനത്ത് ആഭ്യന്തര ലഹള ഉണ്ടാക്കുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!