പി.എസ്.സി. ചട്ടം അട്ടിമറിച്ചാൽ ഉദ്യോഗാർഥികൾ കോടതി കയറും
തിരുവനന്തപുരം: ഡയറ്റ് ലക്ചറർ തസ്തികയിൽ ഡെപ്യൂട്ടേഷനിലുള്ള അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗാർഥികൾ. പി.എസ്.സി.ക്ക് വിട്ട തസ്തികയിൽ ചട്ടവിരുദ്ധനിയമനം അംഗീകരിക്കില്ലെന്ന് ഡയറ്റ് സമരസമിതി പ്രസിഡന്റ് കെ. ദിലീഷും സെക്രട്ടറി കെ. വിജേഷും പറഞ്ഞു. പിൻവാതിൽനിയമനം നേടാൻ ശ്രമിക്കുന്ന 110 അധ്യാപകർ നിയമവിരുദ്ധമായാണ് ഡെപ്യൂട്ടേഷനിൽ തുടരുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
ഡെപ്യൂട്ടേഷൻ അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ ഹൈക്കോടതിയെയും ലോകായുക്തയെയും സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം. ഡെപ്യൂട്ടേഷനി+ലുള്ളവരെ ഒരു വകുപ്പിലും സ്ഥിരപ്പെടുത്താൻ നിയമമില്ല. അത് അനാവശ്യമായ കീഴ്‌വഴക്കങ്ങൾക്കും അധികാരദുർവിനിയോഗത്തിനും വഴിവെക്കും.
ഭരണാനുകൂല അധ്യാപകസംഘടനയിലെ അംഗങ്ങളാണ് സ്ഥിരപ്പെടുത്തൽ പട്ടികയിലെ ഭൂരിപക്ഷവും. സംഘടനാനേതൃത്വം വിഷയത്തിൽ പരസ്യനിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇതിനിടെ സ്കൂൾ പ്രഥമാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചതിനാൽ പട്ടികയിലുള്ള പി.എസ്.സി. അംഗത്തിന്റെ ഭാര്യ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ കേസിൽനിന്ന് പിന്മാറി. തന്റെ ഭാര്യ ഡയറ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടില്ലെന്ന് പി.എസ്.സി. അംഗം പറഞ്ഞു.