ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരും -മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി അറിയിച്ചു. മൂന്നു ലക്ഷത്തിലധികം കിറ്റുകൾ റേഷൻ കടകളിൽ സജ്ജമാണ്. തീരുന്ന മുറക്ക് കിറ്റുകൾ എത്തിക്കും. ഇന്നും നാളെയും മറ്റന്നാളുമായി മുഴുവൻ കിറ്റുകളും കൊടുത്തുതീർക്കും -മന്ത്രി പറഞ്ഞു.
കിറ്റ് വിതരണം വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്‍റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം അധികൃതർ തടഞ്ഞു. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം വരുന്നതു വരെ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശിച്ചു.