കണ്ണൂരിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

കണ്ണൂർ : പൊലീസ് ക്ലബ് കോമ്പൗണ്ടിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്‌ടിച്ച അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. പാലക്കാട് മീനാക്ഷിപുരം നന്ദിയോട് സ്വദേശി രതീഷിനെയാണ് ഇരിക്കൂറിൽ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ജില്ലയിലെ വിവിധയിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. പൊലീസ് ക്ലബ്ബിൽ നിർത്തിയിട്ട കണ്ണൂർ ടൗൺ സ്റ്റേഷനിലെ സീനിയർ സി.പി.ഒ സദകത്തുള്ളയുടെ ബുള്ളറ്റാണ് കഴിഞ്ഞ ചൊവ്വാഴ്‌ച മാേഷണം പോയത്. ചൊവ്വ വൈകിട്ട് ഡ്യൂട്ടിക്ക് വരുമ്പോൾ ബൈക്ക് പൊലീസ് ക്ലബ് കോമ്പൗണ്ടിൽ നിർത്തിയിട്ടതായിരുന്നു. ഡ്യൂട്ടികഴിഞ്ഞ് ബുധൻ രാവിലെ ബൈക്കെടുക്കാനെത്തിയപ്പോൾ നിർത്തിയിട്ടിടത്തില്ലായിരുന്നു.
കഴിഞ്ഞ ആറ് മാസമായി ഇരിക്കൂറിൽ ബേക്കറി ജോലി ചെയ്യുകയാണ് രതീഷ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. അവിനാശി പാളയം പൊലീസ് സ്റ്റേഷനിൽ വാഹനമോഷണം, ബിവറേജ് കുത്തിപ്പൊളിക്കൽ എന്നിങ്ങനെ മൂന്ന് കേസുകളും ബംഗളൂരു സ്റ്റേഷനിൽ വാഹനം മോഷ്ടിച്ച് മീനാക്ഷിപുരത്തെത്തിച്ച കേസുമാണുള്ളത്. ഒരു കേസിൽ 50 ദിവസം ജയിലിലും കഴിഞ്ഞു.
കേരളത്തിൽ ഇതുവരെ പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ജില്ലയിലെ വിവിധ സ്റ്റേഷനിൽ നടന്ന വാഹന കവർച്ചാ കേസിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എസ്.ഐ.മാരായ സി.എച്ച്. നസീബ്, സവ്യ സജി, എ.എസ്.ഐ.മാരായ എം. അജയൻ, രഞ്ജിത്ത്, സീനിയർ സി.പി.ഒ ഷൈജു, സി.പി.ഒ.മാരായ നാസർ, റമീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.