പേരാവൂരിലെ മാവേലി സ്റ്റോറിൽ നിരോധിത പ്ലാസ്റ്റിക്ക് കവറെന്ന ആരോപണം; എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി

പേരാവൂർ : മാവേലി സ്റ്റോറിൽ നിരോധിത പ്ലാസ്റ്റിക്ക് കവറിൽ സാധനങ്ങൾ നൽകുന്നുവെന്ന വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ബസ് സ്റ്റാൻഡിന് സമീപമുളള മാവേലി സ്റ്റോറിൽ പരിശോധന നടത്തി. എന്നാൽ, പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് കവറുകളൊന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ പറഞ്ഞു.
സർക്കാർ നിബന്ധനകൾ പ്രകാരം പാക് ചെയ്ത ബ്രാൻഡഡ് ഉത്പന്നങ്ങളാണ് മാവേലി സ്റ്റോർ വഴി വിൽപന നടത്തുന്നതെന്നും കടയിൽ വച്ച് ധാന്യങ്ങളും മറ്റും പാക് ചെയ്യാൻ ഉപയോഗിക്കുന്നത് സംസ്ഥാനത്ത് മുഴുവൻ സപ്ലൈകോ ഷോപ്പുകളിലും ഉപയോഗിക്കുന്ന മുദ്രയുളള കവറുകൾ തന്നെയാണെന്നും എൻഫോഴ്‌സ്‌മെന്റ് പരിശോധനയിൽ കണ്ടെത്തി.
ഓണത്തോടനുബന്ധിച്ച് പേരാവൂരിൽ വഴിയോരക്കച്ചവടക്കാർ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉപയോഗിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്തിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരായ കെ .ആർ. അജയകുമാർ, ഷെറീഖുൾ ഹക്ക്, ബ്ലോക്ക് ശുചിത്വ ഓഫീസർ എ.കെ. സൽമ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.