സപ്ലൈക്കോ സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ നൽകുന്നത് നിരോധിത പ്ലാസ്റ്റിക്ക് കവറുകളിൽ; വ്യാപാരി വ്യവസായി ഏകോപന സമിതി

Share our post

പേരാവൂർ: സപ്ലൈക്കോ സ്റ്റോറുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്നും ഇത്രയുമധികം കവറുകൾ പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലുമുണ്ടാവില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. വ്യാപാരികളിൽ നിന്നും പ്ലാസ്റ്റിക്കുകൾ പിടികൂടി വൻ തുക പിഴ ഈടാക്കുന്ന സർക്കാർ, സപ്ലൈക്കോ സ്റ്റോറുകളുടെ കാര്യത്തിൽ കാണിക്കുന്നത് ഇരട്ട നീതിയാണെന്നും നേതാക്കൾ ആരോപിച്ചു.

വ്യാപാരികൾ പ്ലാസ്റ്റിക്ക് നിർമാർജനത്തിനെതിരല്ല. എന്നാൽ, പ്ലാസ്റ്റിക്കിന്റെ പേരിൽ വ്യാപാരികളെ മാത്രം അധികൃതർ പിഴിയുകയാണ്. ചെറുകിട കമ്പനികളുടെ പ്ലാസിക്ക് കവറുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന അധികൃതർ, വൻകിട കമ്പനികൾ വിപണിയിലെത്തിക്കുന്ന പാക്കറ്റ് ഫുഡുകളിലെ പ്ലാസ്റ്റിക്കിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

കടകളിൽ നിന്ന് ഉപയോഗിച്ച പ്ലാസ്റ്റിക്ക് ശേഖരിക്കാൻ ഹരിതകർമ സേന യൂസർ ഫീ വാങ്ങുന്നുണ്ട്. എന്നാൽ, നിരോധിത പ്ലാസ്റ്റിക്കാണെങ്കിൽ സർക്കാർ സംവിധാനത്തിലുള്ള ഹരിതകർമസേന ഇത്തരം പ്ലാസ്റ്റിക്കുകൾക്ക് യൂസർഫീ വാങ്ങുന്നത് എന്തടിസ്ഥാനത്തിലാണ്. യൂസർഫീ വാങ്ങി ഹരിതകർമസേന ശേഖരിക്കുന്നത് നിയമാനുസൃതമുള്ള പ്ലാസ്റ്റിക്കാണെന്ന് കരുതേണ്ടിവരും. ഒരു വശത്ത് പ്ലാസ്റ്റിക്ക് വില്പന നടത്തുന്നതിന്റെ പേരിൽ പിഴ ഈടാക്കുകയും മറുവശത്ത് ഇത്തരം പ്ലാസ്റ്റിക്കുകൾ ശേഖരിക്കാൻ ഹരിതകർമസേന യൂസർഫീ വാങ്ങുകയും ചെയ്യുന്നത് വ്യാപാരികൾക്ക് അംഗീകരിക്കാനാവില്ല.

എല്ലാ വിധത്തിലും പ്ലാസ്റ്റിക്കിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന രീതി അവസാനിപ്പിക്കണം. പ്ലാസ്റ്റിക്ക് നിരോധിക്കുന്നുണ്ടെങ്കിൽ എല്ലാത്തരം പ്ലാസ്റ്റിക്കും നിരോധിക്കണമെന്നാണ് ഏകോപന സമിതിയുടെ ആവശ്യം. അല്ലാത്ത പക്ഷം പ്ലാസ്റ്റിക്കിന്റെ പേരിൽ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനെത്തുന്ന ഉദ്യോഗസ്ഥരെ തടയേണ്ട അവസ്ഥയിലേക്ക് വ്യാപാരികളെത്തുമെന്നും നേതാക്കളായ കെ.കെ. രാമചന്ദ്രൻ, പി.പുരുഷോത്തമൻ, എം.സമീർ എന്നിവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!