അനധികൃത മദ്യവില്പന; കൊട്ടിയൂർ സ്വദേശി അറസ്റ്റിൽ

പേരാവൂർ : ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽച്ചുരം പുതിയങ്ങാടി ഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം നടന്ന പരിശോധനയിൽ പാൽച്ചുരം സ്വദേശി പാച്ചൻ എന്ന പി.കെ. വിനോയ് (46) ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്. പ്രതിയിൽ നിന്നും ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. മുമ്പ് 45 കുപ്പി വിദേശ മദ്യം ഓമ്നി വാനിൽ കടത്തിയതിനും ഡ്രൈഡേയിൽ 44 കുപ്പി മദ്യം വിൽപ്പനക്ക് സൂക്ഷിച്ചതുൾപ്പെടെ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ്. എക്‌സൈസ് പ്രിവന്റിവ് ഓഫീസർ എം.പി. സജീവൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ സി.എം. ജയിംസ്, ബാബുമോൻ ഫ്രാൻസീസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, പി.എസ്. ശിവദാസൻ, വി. സിനോജ്, കാവ്യാ വാസു എന്നിവർ പങ്കെടുത്തു.