എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് വിജിലൻസ് മദ്യം പിടിച്ചു

കണ്ണൂർ: വിജിലൻസ് നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരിൽനിന്ന് മദ്യം പിടിച്ചു. ഇരിട്ടി റെയിഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരുടെ ബാഗുകളിൽനിന്നാണ് രേഖകളില്ലാത്ത അഞ്ച് ലിറ്റർ മദ്യം പിടിച്ചെടുത്തത്. ഒരാളുടെ ബാഗിൽനിന്ന് മൂന്ന് ലിറ്ററും രണ്ടാമത്തെയാളുടെ ബാഗിൽനിന്ന് രണ്ട് ലിറ്ററുമാണു പിടിച്ചത്.
മദ്യം വാങ്ങിയതിന്റെയോ പരിശോധനയിൽ പിടിച്ചെടുത്തതിന്റെയോ രേഖകൾ ഹാജരാക്കാനോ വ്യക്തമായ വിശദീകരണം നൽകാനോ രണ്ടുപേർക്കും കഴിഞ്ഞില്ലെന്ന് വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് അറിയിച്ചു.
ജില്ലയിലെ അഞ്ച് എക്സൈസ് ഓഫീസുകളിലായിരുന്നു വിജിലൻസ് പരിശോധന. കണ്ണൂരിലെ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഓഫീസ്, സർക്കിൾ ഓഫീസ്, ആലക്കോട്, തലശേരി, ഇരിട്ടി റെയിഞ്ച് ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
കോഴിക്കോട് മേഖലാ എസ്.പി പ്രജീഷ് തോട്ടത്തിൽ, സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി ചന്ദ്രൻ, ഇൻസ്പെക്ടർമാരായ ആർ വിനോദ്, അജിത്കുമാർ, സംജദ് ഖാൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.