നഗരത്തിൽ ഒമ്പതിടങ്ങളിൽ ഹൈമാസ്റ്റ് -മിനി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് അനുമതി

കണ്ണൂർ: നഗരസഭയിൽ ഒമ്പതിടങ്ങളിൽ ഹൈമാസ്റ്റ്, മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 11 ഇടങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ കോർപറേഷൻ സ്ഥിരം സമിതി ഒമ്പത് സ്ഥലങ്ങൾ ലൈറ്റ് സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തി.
എസ്.എൻ പാർക്ക് പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റും തക്കാളിപ്പീടിക പരിസരം, പാമ്പൻ മാധവൻ റോഡ് ജങ്ഷൻ, ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് മുൻവശം, എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് മുൻവശം, മുള്ളൻകണ്ടി പാലം ബീച്ച്, ഊർപ്പഴശ്ശികാവിന് മുൻവശം, മുനമ്പ് ബത്തമുക്ക് ഡിവിഷൻ, കുറ്റിക്കകം മുനമ്പ് എന്നിവിടങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനുമാണ് അനുമതി. എം.പി നിർദേശിച്ച പട്ടികയിൽ പെട്ട കാപ്പാട് സി.പി സ്റ്റോർ പരിസരം, എരുമക്കുടി അരയാലിന് സമീപവും ലൈറ്റ് സ്ഥാപിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തി.
ഇതിന് പകരം കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, ജവഹർ സ്റ്റേഡിയം, മൾട്ടി ലെവൽ കാർ പാർക്കിങ്ങിന് സമീപം, കാൾടെക്സ് ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ ലൈറ്റ് സ്ഥാപിക്കുന്നതിന് എം.പിയോട് ആവശ്യപ്പെടാമെന്നും കൗൺസിൽ തീരുമാനിച്ചു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ ഉദ്ദേശിച്ച പാറക്കണ്ടി പാർക്കിന്റെ പ്രവൃത്തിക്ക് 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി. ടെലികോം കമ്പനികളുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിടാൻ നഗരസഭയുടെ റോഡ് വെട്ടിക്കീറുന്നത് തടയാൻ മുമ്പ് കോർപറേഷന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്ന് തീരുമാനിച്ചിരുന്നു.
ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങളിൽ ഉപകരണങ്ങൾ വാങ്ങാൻ 1.08 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം നൽകി. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിൽ കോർപറേഷൻ രാഷ്ട്രീയം കലർത്തുന്നതായി പ്രതിപക്ഷ കൗൺസിലർ എൻ. സുകന്യ ആരോപിച്ചു. കെ.വി. സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എമാരുടെ ലൈറ്റ് സ്ഥാപിക്കാനുള്ള നിർദേശം പരിഗണിച്ചില്ലെന്നും അവർ ആരോപിച്ചു.മേയർ അഡ്വ. ടി.ഒ. മോഹനൻ, പി.കെ. രാഗേഷ്, സുരേഷ് ബാബു എളയാവുർ, ടി. രവീന്ദ്രൻ, അഡ്വ. പി. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.