കേളകം: സ്‌കൂൾ വിട്ടയുടൻ ആൻവിയ, ആത്മിക ധ്രുവ, മെഡ്രിക്, അവന്തിക എന്നിവർ സുജാത ടീച്ചർക്കരികിലേക്ക് ഓടിയെത്തി. ‘ടീച്ചറെ ടീച്ചറെ, ഞങ്ങക്കിപ്പോ വീട്ടി പോകണ്ട, കുറച്ചുനേരംകൂടി കളിച്ചിട്ട് പോയ്‌ക്കോളാം’!. നാലുപേരും വലിയ ആവേശത്തിലാണ്.
അപ്പോഴേക്കും അവർക്കൊപ്പം ചേരാൻ ഭൂരിഭാഗംപേരുമെത്തി. ഒരാഴ്‌ച മുമ്പുവരെ വീട്ടിൽ പോകണം, അമ്മയെ കാണണം എന്ന് കൂടെ കൂടെ പറഞ്ഞു കരഞ്ഞിരുന്ന കുട്ടികളുടെ മനംമാറ്റം ടീച്ചറെ മാത്രമല്ല, കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷിതാക്കളെയും അമ്പരപ്പിച്ചു. അത്ഭുതപ്പെടേണ്ട, ചെട്ട്യാംപറമ്പ് ഗവ. പ്രീ–-സ്‌കൂളിലെത്തിയാൽ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർപോലും കുറച്ചുനേരം അവിടെ ഇരിക്കാൻ കൊതിക്കും. അത്രയ്‌ക്ക് മനോഹരമായ ഇടമാണിപ്പോ ഈ സർക്കാർ സ്‌കൂൾ.
താരാട്ടു കേട്ട് എസി മുറിയിൽ ഡബിൾകോട്ട് കട്ടിലിൽ ഉറങ്ങുന്ന മക്കളെ കണ്ടിട്ടുണ്ടോ? ശിശു സൗഹൃദമായ ‘കുഞ്ഞടുക്കള’യെ കുറിച്ച് കേട്ടിട്ടുണ്ടോ? പക്ഷികളുടെ കിളിക്കൊഞ്ചലുകളും കുഞ്ഞരുവികളുടെ കളകളാരവവും കേട്ടും അനുഭവിച്ചും ആടിപ്പാടാൻ കഴിയുന്ന ഹരിതോദ്യാനം കണ്ടിട്ടുണ്ടോ? ഇവയെല്ലാം അതിമനോഹരമായി ഒരുക്കിയത് അവഗണിക്കാൻ ഇതുവഴി പോകുന്ന ആർക്കും കഴിയില്ല.
പ്രീ–-സ്‌കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന ‘വർണക്കൂടാരം’ പദ്ധതിയുടെ ഭാഗമായാണ് മനോഹരമാക്കിയത്. സമഗ്രശിക്ഷാ കേരളം ‘സ്‌റ്റാർസ്’ പദ്ധതിയിൽ പത്തുലക്ഷം ചെലവിട്ടാണ് സ്‌കൂൾ ഒരുക്കിയത്. സർക്കാർ അംഗീകൃത പ്രീ-–-സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത്തരത്തിൽ ജില്ലയിലുള്ള മുഴുവൻ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രീ–-സ്‌കൂളുകളുടെ ചുമതലയുള്ള ഡിപിഒ രമേശൻ കടൂരാണ് നേതൃത്വം നൽകുന്നത്. ഇരിട്ടി ബിആർസിയുടെ കീഴിലുള്ള ചെട്ട്യാംപറമ്പിൽ കഴിഞ്ഞയാഴ്‌ചയാണ് ‘വർണക്കൂടാരം’ ഉദ്‌ഘാടനംചെയ്തത്.
12 ഇടങ്ങൾ
കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള കുഞ്ഞരങ്ങ്, കൗതുകവും ജിജ്ഞാസയും വളർത്തുന്നതിനൊപ്പം സ്വന്തം കഴിവുകൾ രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള ഇ–-ഇടം, ഭാഷാ വികാസ ഇടം, വരയിൽ നിന്നും ചിത്രവായനയിലേക്ക് നയിക്കാൻ കഴിയുന്ന വരയിടം, ആത്മബന്ധം വളരാനും മാനസിക ഉല്ലാസത്തിനും ഉതകുന്ന, കാറും സൈക്കിളും ഒക്കെയുള്ള കളിയിടം, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അറിവ് വർധിപ്പിക്കാനാകുന്ന ഗണിത–-ശാസ്‌ത്രയിടം, ഭാവനയും ചിന്താശേഷിയും വളർത്താനുള്ള കരകൗശല നിർമാണയിടം, തൊട്ടും കണ്ടും കേട്ടും മണത്തും അറിവുനേടാനുള്ള സെൻസറിങ് ഇടം, ശീതീകരിച്ച ശയനമുറി, ആധുനിക രീതിയിലുള്ള കുഞ്ഞടുക്കള, ശിശുസൗഹൃദ ശൗചാലയം, ഹരിതോദ്യാനം എന്നിങ്ങനെ കുട്ടികളുടെ സമഗ്രവികാസത്തിന് ഉപകരിക്കുന്ന പതിമൂന്നിടങ്ങളാണുള്ളത്.
എല്ലാം അതിമനോഹരമായി ഒരുക്കിയവ. ഹോം തിയേറ്റർ സിസ്‌റ്റത്തിലൂടെ എല്ലായിടത്തുനിന്നും പാട്ടും കേൾക്കാം. സ്വന്തമായി പ്രൊജക്ടറുമുണ്ട്. 55 കുട്ടികളാണിവിടെയുള്ളത്. താൽക്കാലിക അധ്യാപികയായി ലിജി രാജീവും ആയയായി പ്രസന്നകുമാരിയും കുട്ടിളെ നോക്കാനുണ്ട്.