മാലിന്യ സംസ്‌കരണത്തിൽ പിഴവ്; മിംസ് ആശുപത്രിക്ക് നോട്ടീസ്

കണ്ണൂർ: ചാലയിലെ മിംസ് ആശുപത്രിക്ക് മലിനീകരണ നിയന്ത്രണബോർഡിന്റെ നോട്ടീസ്. മാലിന്യ സംസ്‌കരണത്തിൽ പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൃത്യമായി സംസ്‌കരിക്കാതെ മാലിന്യം പുറത്തുവിടുന്നതായി ആശുപത്രിക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു.
ജനുവരിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പരിശോധനയിൽ പാർക്കിങ് സ്ഥലത്തേക്കും സമീപത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലത്തേക്കും മാലിന്യങ്ങൾ തള്ളുന്നതായി ബോധ്യപ്പെട്ടിരുന്നു.
ആശുപത്രിയിലെ മലിനജല സംസ്‌കരണ പ്ലാന്റിൽനിന്നുള്ള സാമ്പിളുകൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സെൻട്രൽ ലബോറട്ടറിയിൽ പരിശോധിച്ചിരുന്നു. ഇവിടെനിന്നുള്ള റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ ആശുപത്രി അധികൃതർ മറുപടി നൽകണം.