ആറളം പറയുന്നു: സൂപ്പറാണ്‌ ഗ്രാമവണ്ടി

Share our post

ഇരിട്ടി: പുലർച്ചെ ആറ്‌ മണി. കീഴ്‌പ്പള്ളിയിൽനിന്ന്‌ കെ.എസ്‌.ആർ.ടി.സിയുടെ ഗ്രാമവണ്ടി കക്കുവ വഴി ആറളം ഫാം ആദിവാസി മേഖലയിലേക്ക്‌. പാൽപ്പാത്രങ്ങളുമായി ക്ഷീരകർഷകരും ഫാമിലും പുറത്തും ജോലിക്ക്‌ പോകുന്നവരും ഉൾപ്പെടെ ആദ്യ ട്രിപ്പിൽ ബസിൽ നിറയെ യാത്രക്കാർ. ആറരവരെ ഗ്രാമവണ്ടി ആറളം ഫാം ആദിവാസി മേഖലയിലെ വിവിധ ബ്ലോക്കുകൾ വഴി രണ്ട്‌ വട്ടം പുലർകാലയോട്ടം.

ഏഴരയോടെ ഇരിട്ടിയിലേക്ക്‌. വീണ്ടും ഫാമിലെത്തി ആദിവാസികളെ വിവിധ സ്‌റ്റോപ്പുകളിലും ഫാം ഗവ. എച്ച്‌.എസ്‌.എസ്‌ വിദ്യാർഥികളെ സ്കൂൾ സ്‌റ്റോപ്പിലും ഇറക്കി ഒമ്പതരയോടെ കണ്ണൂരിലേക്ക്‌. പകൽ രണ്ടിന്‌ ഇരിട്ടിയിൽ തിരികെയെത്തുന്ന ബസ്‌ വീണ്ടും ആറളം ഫാമിലെത്തി യാത്രക്കാരെ ഫാമിലെ വിവിധ കേന്ദ്രങ്ങളിൽ ഇറക്കി ആറോടെ ഇരിട്ടിയിലെത്തി ആറരക്ക്‌ കീഴ്‌പ്പള്ളിയിൽ ഓട്ടം അവസാനിപ്പിക്കുന്നു.

ജനകീയമാണ്‌ ഈ വണ്ടിയുടെ സേവനം. ആദിവാസി സൗഹൃദത്തിൽ അധിഷ്ടിതമാണ്‌ ഈ ബസിന്റെ ഫാം വഴിയുള്ള കറക്കം.ആറളം പഞ്ചായത്താണ്‌ ജില്ലയിൽ ആദ്യ കെഎസ്‌ആർടിസി ഗ്രാമവണ്ടി പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. പട്ടികവർഗക്ഷേമ വകുപ്പും കെ.എസ്‌.ആർ.ടി.സിയും കൈകോർത്തപ്പോൾ ബസ്‌ യാത്ര ഒരിക്കലും ഉണ്ടാവില്ലെന്ന്‌ കരുതിയ ആദിവാസി പുനരധിവാസ മേഖലയിൽ സജീവ സാന്നിധ്യമായി ബസ്‌ എത്തി.

ഇന്ധനച്ചെലവ്‌ ആറളം പഞ്ചായത്ത്‌ നിർവഹിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഏപ്രിൽ 11 ന്‌ വിഷുക്കൈനീട്ടമായാണ്‌ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തത്‌. ദിനംപ്രതി ശരാശരി പതിനായിരം രൂപ വരുമാനത്തോടെയാണ്‌ ഗ്രാമവണ്ടി നാടിന്റെ പ്രതീക്ഷയായി മുന്നേറുന്നത്‌.

ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി രാജേഷ്‌ പറഞ്ഞു. ആറളം ഫാം ജി.എച്ച്‌.എസ്‌.എസ്‌ വിദ്യാർഥികൾക്ക്‌ സൗജന്യ പാസ്‌ നൽകുന്ന ഈ ബസ്‌ ആദിവാസി വിദ്യാർഥികളുടെ പഠനവഴിയിലും സഹായമാകുകയാണ്‌.

ഫാമിൽ 18 കിലോമീറ്റർ ഓടുന്ന ബസിൽ പുനരധിവാസ മേഖലക്കാർക്കുള്ള പരമാവധി ടിക്കറ്റ്‌ നിരക്ക്‌ 20 രൂപ മാത്രം. കക്കുവ, പരിപ്പുതോട്‌, ഓടന്തോട്‌, വളയഞ്ചാൽ, ആനമുക്ക്‌, ബ്ലോക്ക്‌ ഏഴ്‌, ബ്ലോക്ക്‌ 12 എന്നിവയാണ്‌ ബസ്‌സ്‌റ്റോപ്പുകൾ. വിജയത്തിന്റെ ഡബിൾ ബെൽ മുഴക്കുന്ന കെ.എസ്‌.ആർ.ടി.സി ഗ്രാമവണ്ടിയെ സ്വന്തം ഹൃദയമിടിപ്പ്‌ പോലെ പരിലാളിക്കുകയാണ്‌ ആറളം ആദിവാസി പുനരധിവാസ മേഖല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!