യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവം, യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

Share our post

ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി.

ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

യൂട്യൂബ് നോക്കിയാണ് മദേഷ് വീട്ടില്‍ പ്രസവമെടുക്കുന്നരീതി മനസിലാക്കിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. വീട്ടില്‍ പ്രസവമെടുക്കുന്ന വീഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ നിരന്തരം കണ്ടിരുന്നതായി അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്.

തുടര്‍ന്നാണ് മദേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും കുറ്റങ്ങള്‍ സ്ഥിരീകരിച്ചാല്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. ദമ്പതിമാരുടെ കുഞ്ഞ് പോച്ചാംപള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!