കൊട്ടിയൂരിൽ കടുവകളെ കണ്ട സംഭവം: വനംവകുപ്പ് ഡ്രോൺ നിരീക്ഷണം നടത്തി

കൊട്ടിയൂർ : ചപ്പമലയിൽ തിങ്കളാഴ്ച മൂന്ന് കടുവകളെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് ചൊവ്വാഴ്ചയും വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി.
ഡ്രോൺ നിരീക്ഷണത്തിൽ വന്യജീവികളെയൊന്നും കണ്ടെത്താനായില്ലെന്ന് എസ്.എഫ്.ഒ. സജീവ് കുമാർ അറിയിച്ചു. പ്രദേശത്ത് ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ തിരച്ചിലിലും വന്യജീവികൾ വീണ്ടും വന്നതിന്റെ ലക്ഷണങ്ങളോ കാലടയാളമോ കണ്ടെത്താനായില്ലെന്നും വന്യജീവികൾ കാട്ടിലേക്കുതന്നെ കയറിപ്പോയിരിക്കാമെന്നും സജീവ് കുമാർ പറഞ്ഞു.
കടുവകളെ കണ്ടെന്ന വിവരം പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.
കടുവകളെ കണ്ടെന്ന് പറയുന്ന സ്ഥലത്ത് തിങ്കളാഴ്ച രാത്രിതന്നെ നിരീക്ഷണത്തിനായി വനം വകുപ്പ് രണ്ട് ക്യാമറകൾ സ്ഥാപിച്ചിരുന്നു. പ്രദേശത്ത് വരും ദിവസങ്ങളിലും പട്രോളിങ് തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം.