വാഹനങ്ങളിലെ തീപിടിത്തം ; വണ്ടുകളെപ്പറ്റി പഠിക്കാൻ കെ.എഫ്.ആർ.ഐ

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനങ്ങളിൽ തീപിടിത്തം പതിവായതോടെ ഇന്ധനക്കുഴലുകളിൽ ദ്വാരങ്ങളുണ്ടാക്കുന്ന ചെറുവണ്ടുകളെപ്പറ്റി പഠിക്കാൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ). അംബ്രോസിയ ബീറ്റിൽസ് വിഭാഗത്തിൽപ്പെട്ട വണ്ടുകൾ പെട്രോളിലെ എഥനോളിനോടാണ് ആകർഷിക്കപ്പെടുന്നതെന്നാണ് അനുമാനം. ഇതുകാരണം ഇന്ധന ചോർച്ചയും തുടർന്ന് തീപിടിക്കാനും സാധ്യത കൂടുതലാണ്. ടാങ്കിൽനിന്ന് എൻജിനിലേക്ക് പോകുന്ന റബർ പൈപ്പുകളെയാണ് വണ്ടുകൾ ഇരയാക്കുന്നത്.
പെട്രോളിൽ 10 ശതമാനം എഥനോൾ ചേർത്താണ് ഇന്ധനകമ്പനികൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ധനപൈപ്പുകളിലെ ദ്വാരം കണ്ടെത്തിയതായി പരാതികൾ ഉയർന്നിരുന്നു. ഈ വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗതവകുപ്പ് പ്രത്യേക ഫോറൻസിക് സംഘത്തിനും രൂപം നൽകിയിരുന്നു. ഇതുകൂടാതെയാണ് കെ.എഫ്.ആർ.ഐ പഠിക്കുന്നത്.
കെ.എഫ്.ആർ.ഐ.യിലെ മുഖ്യശാസ്ത്രജ്ഞൻ ടി.വി. സജീവ്, ശാസ്ത്രജ്ഞൻ ജിത്തു യു. കൃഷ്ണൻ, ഗവേഷകൻ തുഷാർ നടുവള്ളൂർ എന്നിവരുടെ സംഘമാണ് പഠനം നടത്തുക. ഇത്തരം വിനാശകാരികളായ ജീവികൾമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ സംഘം പഠനവിധേയമാക്കും.