പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയ

കണ്ണൂർ: പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി.
ഇത്രയും ചെറിയ പ്രായത്തിലുള്ള കുഞ്ഞിന്റെ ജീവൻ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചെടുക്കുന്നത് ഉത്തര കേരളത്തിൽ ആദ്യമായാണെന്ന് ആശുപത്രി പീഡിയാട്രിക്സ് സർജറി ഡോക്ടർമാരായ വിജയ് ഗണേഷ്, ജിനോസ് ബാബു, ശ്രീകാന്ത് സി.നായനാർ, ഓപ്പറേഷൻസ് എ.ജി.എം വിവിൻ ജോർജ് എന്നിവർ പറഞ്ഞു. നവജാത ശിശുക്കളിൽ അപൂർവമായി കാണപ്പെടുന്ന ഡയഫ്രോമാറ്റിക് പാൾസി എന്ന രോഗവുമായാണ് കുഞ്ഞ് ജനിച്ചത്.
നെഞ്ചിനെയും വയറിനെയും വേർതിരക്കുന്ന ഡയഫ്രത്തിന്റെ ഇടത് ഭാഗത്തിന് പ്രവർത്തന ശേഷി കുറഞ്ഞതായിരുന്നു രോഗാവസ്ഥ. ഇത് ശ്വാസകോശത്തിന്റെ വികാസത്തിന് തടസ്സം സൃഷ്ടിച്ചു.
കുഞ്ഞിന് ശ്വാസമെടുക്കാൻ സാധിക്കാതെ വന്നതോടെ ജനിച്ച ഉടൻ തന്നെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വെന്റിലേറ്ററിലേക്ക് മാറ്റി.
ഈ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ ചെയ്ത് പ്രവർത്തന രഹിതമായ ഡയഫ്രത്തിന്റെ ഇടത് ഭാഗം പ്രവർത്തനക്ഷമമാക്കുക എന്നത് മാത്രമായിരുന്നു പ്രതിവിധി. ഒരാഴ്ച ആശുപത്രി വാസത്തിനു ശേഷം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു.