28 കൊല്ലത്തിനു ശേഷം അവര്‍ ഒത്തുചേര്‍ന്നു; സഹപാഠിക്ക് വീടൊരുക്കി

Share our post

എടക്കര: വാട്സാപ്പ് കൂട്ടായ്മ വെറുതെ ആയില്ല. ജീവിത വഴിയിയില്‍ പിന്നോട്ടുപോയ സഹപാഠിക്ക് വീട് ഒരുക്കാന്‍ 28 കൊല്ലത്തിനു ശേഷം അവര്‍ ഒത്തുകൂടി.

ഇതോടെ വഴിക്കടവ് മാമാങ്കരയിലെ എടത്തൊടി സെമീനയ്ക്കു ലഭിച്ചത് സ്വപ്‌നഭവനം. രണ്ടുമുറി, സിറ്റ്ഔട്ട്, അടുക്കള, ശൗചാലയം എന്നിവ ഉള്‍പ്പെടുന്ന വീടിന്റെ താക്കോല്‍ കഴിഞ്ഞദിവസം കൈമാറി.

നാരോക്കാവ് ഹൈസ്‌കൂളില്‍ 1995-ലെ പത്താംക്ലാസ് പഠിതാക്കളാണ് ഇവര്‍. അഞ്ചുമാസംകൊണ്ട് പണിത വീടിന് ആറുലക്ഷം രൂപ ചെലവു വന്നു. ഗൂഡല്ലൂരിലെ പന്തല്ലൂരിലേക്ക് വിവാഹംചെയ്ത സെമീനയും ഭര്‍ത്താവും രണ്ട് പെണ്‍മക്കളും വര്‍ഷങ്ങള്‍ക്കു മുന്‍പ് മാമാങ്കരയിലെ വാടക ക്വാര്‍ട്ടേഴ്സിേലക്ക് താമസം മാറിയിരുന്നു.
രോഗബാധിതനായ ഭര്‍ത്താവ് ഏഴുവര്‍ഷം മുന്‍പ് മരിച്ചു. സെമീനയുടെ മാതാവും ഇവരുടെ കൂടെയുണ്ട്. വാട്സാപ്പ് കൂട്ടായ്മ നടത്തുന്ന സുഖാന്വേഷണങ്ങള്‍ക്കിടയിലാണ് സെമീനയ്ക്കു വീടില്ലെന്ന കാര്യം എല്ലാവരും അറിയുന്നത്.
ഡെണ്‍സണ്‍ കണിയോടിക്കല്‍, സിന്ധു പാലാശേരി, പി.സി. സുനീര്‍, ഓസ്ട്രേലിയയില്‍ ജോലിചെയ്യുന്ന മിനി അനില്‍, ദുബിന ബീഗം എന്നിവരാണ് വീടുപണിക്ക് മുന്‍പില്‍ നിന്നത്. നാട്ടുകാരും സഹായിച്ചു.
കഴിഞ്ഞ ദിവസം നാരോക്കാവ് ഹൈസ്‌കൂളില്‍ മുന്‍ പ്രഥമാധ്യാപകന്‍ വി.എന്‍. രാജന്റെ അധ്യക്ഷതയില്‍ അന്നത്തെ മുഴുവന്‍ അധ്യാപകരും കൂട്ടായ്മയിലെ അംഗങ്ങളും ചേര്‍ന്ന് നടത്തിയ സംഗമത്തില്‍ സെമീനയ്ക്ക് താക്കോല്‍ കൈമാറി.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!