അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു

Share our post

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
അര്‍ഹതാ മാനദണ്ഡങ്ങള്‍:
സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുളളവരായിരിക്കണം. (വയസ്സ് തെളിയിക്കുന്നതിനായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യണം).
വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. (വില്ലേജ് ഓഫീസറില്‍ നിന്നും വാങ്ങുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം). മുന്‍ഗണനാ വിഭാഗം/ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്യണം.

വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവരാകരുത്. പ്രായ പൂര്‍ത്തിയായ മക്കള്‍ ഉണ്ടാകാന്‍ പാടില്ല. (ഭിന്നശേഷി/മനോരോഗികളായ മക്കള്‍ ഒഴികെ).
വിധവയെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരായിരിക്കരുത്.
വിധവ അപേക്ഷകയുടെ പരിചരണത്തില്‍ കഴിയുന്ന വ്യക്തി ആണെന്നും ബന്ധപ്പെട്ട ഐ. സി .ഡി. എസ് സൂപ്പര്‍വൈസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉള്ളവരായിരിരുത്.

മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരായി കഴിയുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.
അപേക്ഷകര്‍ ബാങ്ക് പാസ്സ് ബുക്ക് അക്കൗണ്ട് നമ്പര്‍ വരുന്ന പേജ് (അപേക്ഷകന്റെയും വിധവയുടെയും പേരിലുളള ജോയിന്റ് അക്കൗണ്ട്) അപ് ലോഡ് ചെയ്യേണം.

അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അപ് ലോഡ് ചെയ്യണം. www.schemes.wcd.kerala.gov.in വെബ്സൈറ്റിലെ പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അതാത് സ്ഥലത്തെ ഐ. സി. ഡി. എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!