വിഷം കഴിച്ച് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ സിവിൽ പോലീസ് ഓഫീസർ രക്ഷിച്ചു

കണ്ണൂർ: വിഷം അകത്തുചെന്ന് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ സിവിൽ പോലീസ് ഓഫീസർ രക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് ആറോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കാസർകോട് ബേക്കൽ സ്വദേശിനിയായ 30കാരി ഭർതൃഗൃഹത്തിലുണ്ടായ വഴക്കിനെ തുടർന്ന് ബസ് കയറി കണ്ണൂരിലെത്തുകയായിരുന്നു.
ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് കൗണ്ടറിന് സമീപം തനിച്ച് ഇരിക്കുന്ന യുവതിയെ കണ്ട റെയിൽവേ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ പിണറായി സ്വദേശി നിഖിൽ വിവരങ്ങൾ ചോദിച്ചപ്പോൾ കൈയിൽ കരുതിയ വിഷ ദ്രാവകം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
തുടർന്ന് യുവതിയെ ഓട്ടോയിൽ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചു. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ അറിയിച്ചു.