പൂവിളിപ്പാടങ്ങളുമായി മട്ടന്നൂർ; നഗരസഭയിലെ 15 വാർഡുകളിലാണ് പൂക്കൃഷി

മട്ടന്നൂർ : നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ ചെണ്ടുമല്ലി കൃഷിത്തോട്ടങ്ങളിൽ പൂക്കൾ സുലഭം. നഗരസഭയിലെ 15 വാർഡുകളിലാണ് പൂക്കളുടെ കൃഷിയിറക്കിയത്.ഓണത്തിന് പൂക്കളം ഒരുക്കുന്നതിന്റെ ഭാഗമായാണ് കൃഷിഭവന്റെ സഹകരണത്തോടെ ചെണ്ടുമല്ലി കൃഷിയിറക്കിയത്. നഗരസഭ വികസന ഫണ്ട് ഉപയോഗിച്ചാണ് നഗരസഭയുടെ കീഴിലുള്ള ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് പൂക്കളുടെ കൃഷി നടത്താനുള്ള പദ്ധതി ഒരുക്കിയത്.
കാര, അയ്യല്ലൂർ, പഴശ്ശി, ഇടവേലിക്കൽ, ബാവോട്ടു പാറ എന്നിവിടങ്ങളിലാണ് കൃഷിയിറക്കിയത്. കഴിഞ്ഞ മേയ് മാസമാണ് ചെണ്ടുമല്ലിയുടെ നടീൽ നടത്തിയത്. 3 മാസത്തിനുള്ളിൽ വിളവെടുക്കാനുള്ള വിധത്തിലാണ് കൃഷി. പുഷ്പ കൃഷിയിൽ നൂറു മേനി വിളയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പൂത്തുലഞ്ഞ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഓണക്കാലത്ത് നടത്തും. 24 മുതൽ 27 വരെ മട്ടന്നൂരിൽ നടക്കുന്ന കുടുംബശ്രീ ചന്തയിൽ പൂക്കൾ വിൽക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കുടുംബശ്രീ സിഡിഎസ് മെംബർ സെക്രട്ടറി കെ.പി.രമേശ് ബാബു പറഞ്ഞു. കൃഷി ചെയ്ത സ്ഥലങ്ങൾ കുടുംബശ്രീ പ്രവർത്തകരും കൗൺസിലർമാരും സന്ദർശിച്ചു.