ലേണേഴ്‌സ് അനുവദിച്ച് തുടങ്ങി: ടെസ്റ്റ് ഓട്ടോമാറ്റിക്കിലായാൽ ഡ്രൈവിങ്ങും ഓട്ടോമാറ്റിക്കിൽ

തിരുവനന്തപുരം : ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ പ്രത്യേക ലൈസൻസ് വരുന്നു. ഇരുചക്ര വാഹന ലൈസൻസ് എടുക്കുന്നതുപോലെ ഗിയർ ഉള്ളത്, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടുതരം ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി. ഇരുവിഭാഗത്തിനും പ്രത്യേക ഡ്രൈവിങ് ടെസ്‌റ്റ് നടത്തും. ഓട്ടോമാറ്റിക് കാറിൽ ലൈസൻസ് നേടുന്നവർക്ക് ‘എൽ.എം.വി എ.യു.ജി’എന്ന ലൈസൻസാണ് ലഭിക്കുക. ഈ ലൈസൻസ് നേടുന്നവർക്ക് ഗിയർ വാഹനങ്ങൾ ഓടിക്കാനാകില്ല.
ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവർക്ക് ഇലക്ട്രിക് വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ടെസ്റ്റിൽ പങ്കെടുക്കാം. രണ്ടുതരം വാഹനങ്ങളും ഓടിക്കണമെങ്കിൽ ഗിയർ വിഭാഗത്തിൽ ലൈസൻസ് നേടണം. മാറ്റം ഒരുമാസത്തിനകം നടപ്പാകും.
സേവനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമായ സാരഥിയിലേക്ക് മാറിയതോടെ വിവിധ സംസ്ഥാനങ്ങളിലെ ലൈസൻസ് വിഭാഗങ്ങളെ കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം ഏകീകരിച്ചിരുന്നു. ഇതോടെ കേരളത്തിലെ ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്സ് വിഭാഗം ലൈസൻസുകൾ ഇല്ലാതായി. എൽ.എം.വി ലൈസൻസിൽ ഓട്ടോറിക്ഷ മുതൽ മിനി വാനുകൾവരെ ഓടിക്കാനാകും. മാർച്ച് മുതലാണ് എൽ.എം.വി ടെസ്‌റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് അനുവദിച്ചത്. ടെസ്റ്റ് പാസായാൽ ഗിയർ എന്നോ ഓട്ടോമാറ്റിക് എന്നോ വ്യത്യാസമില്ലാതെ പൊതുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം-വി) ലൈസൻസാണ് നൽകി വന്നത്.
ഓട്ടോമാറ്റിക് വാഹനങ്ങളിൽ ടെസ്റ്റ് പാസായവർക്ക് ഗിയറുള്ള മിനി വാഹനങ്ങൾ വരെ ഓടിക്കാനുള്ള അനുമതി വന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിച്ചത്.
തുടർന്നാണ് ഓട്ടോമാറ്റിക് വിഭാഗത്തിന് പ്രത്യേക ക്ലാസ് ലൈസൻസ് ഏർപ്പെടുത്തി കേന്ദ്രം സാരഥിയിൽ ഇത് ഉൾപ്പെടുത്തിയത്.