രക്ഷിതാക്കളെയും കുട്ടികളെയും ആർത്തവ ശുചിത്വം പഠിപ്പിക്കാൻ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: സ്കൂളുകളിൽ ആർത്തവ ശുചിത്വ പാഠങ്ങൾ നൽകാൻ മുന്നിട്ടിറങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. ‘സുസ്ഥിര ആർത്തവ സംരക്ഷണം’ എന്ന ആശയത്തിലൂന്നി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപികമാർക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് പരിശീലനം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ പറഞ്ഞു.
ആദ്യപടിയായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപികമാർക്ക് സെപ്റ്റംബറോടെ പരിശീലനം നൽകും. സമഗ്ര ആർത്തവ വിദ്യാഭ്യാസമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സാമൂഹിക – സാംസ്കാരിക വിലക്കുകൾ, അറിവില്ലായ്മ, തെറ്റായ പ്രചാരണങ്ങൾ എന്നിവക്കെതിരെ അവബോധം സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ പ്രഥമോദ്ദേശ്യം.
കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ ഫോർ ഗുഡ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏതെങ്കിലുമൊരു ആർത്തവ ശുചിത്വ ഉത്പന്നത്തിലേക്ക് ഒതുങ്ങാതെ, ബദൽ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പ്രത്യുത്പാദന സംബന്ധമായ രോഗങ്ങളിൽ 70 ശതമാനത്തിനും കാരണം ആർത്തവ കാല ശുചിത്വം ഇല്ലായ്മ ആണെന്നാണ് കണക്കുകൾ. കേന്ദ്ര ആരോഗ്യ വകുപ്പ് ആർത്തവ ശുചിത്വ നയം നിർമ്മിക്കുകയാണ്. പുതിയ പദ്ധതിയിലൂടെ ആർത്തവ പരിപാലനത്തിൽ ശാസ്ത്രീയമായ അറിവ് ഉണ്ടാക്കുകയാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർഥിനികൾക്കായി മെൻസ്ട്രുവൽ കപ്പുകളുടെ വിതരണവും നടക്കുന്നുണ്ട്. ജില്ലയിലെ ആറ് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥിനികൾക്ക് 834 മെൻസ്ട്രൽ കപ്പുകൾ ഈ മാസം തുടക്കത്തിൽ വിതരണം ചെയ്തിരുന്നു.