Kannur
മൺപാത്രത്തിന് ആവശ്യക്കാരുണ്ട് നിർമിക്കാൻ ആളില്ല

തളിപ്പറമ്പ്: തട്ടിയാൽ ഉടയുന്ന മൺപാത്രങ്ങളിൽനിന്ന് അലൂമിനിയത്തിലേക്കും സ്റ്റീലിലേക്കും ആവശ്യക്കാർ മാറിയതോടെ മൺപാത്ര നിർമാണവും അവരുടെ സ്വപ്നങ്ങളും ഉടയുകയായിരുന്നു. തൃച്ചംബരത്ത് നിർമിക്കുന്ന മൺകലവും ചട്ടിയും ഏറെ പേരുകേട്ടതാണ്. മൺപാത്ര നിർമാണ ഏറെയുണ്ടായിരുന്ന ഈ പ്രദേശത്ത് 40 ഓളം വീട്ടുകാർ കുലത്തൊഴിലുമായി ആദ്യകാലത്ത് രംഗത്തുണ്ടായിരുന്നു.
പുതുതലമുറ കുലത്തൊഴിലിനോട് വിമുഖത കാട്ടിയതോടെ രണ്ട് വ്യക്തികൾ മാത്രമാണ് ഈ പ്രദേശത്ത് കലം നിർമാണ രംഗത്ത് അവശേഷിക്കുന്നത്. തൃച്ചംബരം ഭാഗത്ത് സി.വി. ബാബുവും ഏഴാംമൈലിൽ രാജുവുമാണ് ഈ രംഗത്ത് ഇപ്പോഴും സാന്നിധ്യമറിയിക്കുന്നത്. ഭിന്നശേഷിക്കാരനായ ബാബുവിനെ ഈ രംഗത്ത് സഹായിക്കുന്നത് മാതാവ് കാർത്യായനിയാണ്.
തളിപ്പറമ്പിനടുത്ത് പട്ടുവത്തും പരിയാരം ഇരിങ്ങലിലും മുൻ കാലത്ത് ഏറെ കുടുംബങ്ങൾ മൺപാത്ര നിർമാണത്തിന് ഉണ്ടായിരുന്നെങ്കിലും അവിടങ്ങളിലെല്ലാം ഒന്നും രണ്ടും കുടുംബക്കാർ വിഷുക്കാലത്ത് മാത്രം നിർമാണത്തിലൊതുക്കി.
നിർമാണത്തിലെ പ്രതിസന്ധി
കുറ്റിക്കോൽ, മമ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ രണ്ട് തരം മണ്ണാണ് നിർമാണത്തിന് ആവശ്യം. എന്നാൽ മണ്ണ് ലഭിക്കാത്ത അവസ്ഥയും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ലഭിക്കുന്ന മണ്ണിനാവട്ടെ വൻ വിലയും കൊടുക്കണം. പാത്രം ചുട്ടെടുക്കാൻ ഉപയോഗിക്കുന്നത് മുൻ കാലത്ത് ഒരു പാട് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ചൂളയാണ്. ഇതിൽ ചുരുങ്ങിയത് 1000 കലമെങ്കിലും ഒരു സമയം ചുട്ടെടുക്കണം.
ബാബുവും അമ്മയും മാത്രം നിർമാണ രംഗത്ത് ഉള്ളത് കൊണ്ട് ഇപ്പഴേ കലം ഉണ്ടാക്കിവെച്ചാലെ വിഷു കാലത്ത് ചൂളയിൽ വെക്കാനാവു. അത് കൊണ്ട് മിക്ക ദിവസങ്ങളിലും ഒന്നും രണ്ടും കലങ്ങൾ നിർമിച്ചുവെക്കും. സ്ഥിരമായ തൊഴിലല്ലാത്തതിനാൽ ഒഴിവു സമയങ്ങളിൽ മറ്റ് നിർമാണമേഖലയിലും ജോലിചെയ്യും.
ഒരു ലോഡ് മണ്ണിന് ഇരുപതിനായിരത്തോളം രൂപ ചെലവാകുമെന്നും ഇവർ സൂചിപ്പിച്ചു. കൂടാതെ 1000 കലം ചുട്ടെടുക്കാൻ അഞ്ച് ജീപ്പ് വിറകും 40 കറ്റ പുല്ലും വേണം. ഇവക്കും ഭീമമായ തുകയാണ് ചെലവാകുന്നത്. കലം, ചട്ടി, കലശപാനി, തൈപ്പാനി, കുടുക്ക, കഞ്ഞിയൂറ്റി, ഒറോട്ടിതട്ട് എന്നിവയാണ് പ്രധാനമായും നിർമിക്കുന്നത്.
തിരിച്ചുവരവിന്റെ പാതയിൽ
അലൂമിനിയത്തിന്റെയും സ്റ്റീലിന്റേയും പാത്രങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നത് രോഗകാരണമാവുമെന്ന തിരിച്ചറിവ് പലരെയും മൺപാത്രങ്ങളിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് മൺപാത്ര തൊഴിൽ മേഖലയിലുള്ളവർ. മണ്ണ് ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾക്ക് ക്ഷാമവും വിലക്കയറ്റവും രൂക്ഷമാണെങ്കിലും നിർമിക്കുന്ന പാത്രങ്ങൾക്ക് ആവശ്യക്കാർ എത്തുന്നത് ആശ്വാസമാണെന്ന് ബാബുവിന്റെ മാതാവ് പറഞ്ഞു.
മൺപാത്രങ്ങൾ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നാണ് തൊഴിലാളിയായ ബാബുവിന്റെയും അഭിപ്രായം. മൺ ചട്ടിയും കലവും ഉൾപ്പെടെയുള്ളവ തേടി വിഷുക്കാലത്ത് ഉൾപ്പെടെ ശ്രീകണ്ഠപുരത്തും ചപ്പാരപ്പടവിലുമുള്ള വ്യാപാരികൾ വീട്ടിലെത്താറുണ്ടെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ വിഷുവിപണിയിൽ മൺപാത്രങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായി. അതിലേറെ പ്രതീക്ഷയിലാണ് ഈ ഓണക്കാലം.
ക്ഷേത്രങ്ങളിലെല്ലാം പഴയ കാലത്ത് കലശത്തിന് ഉപയോഗിച്ചത് മൺപാനികളായിരുന്നുവെങ്കിൽ ഇപ്പോൾ ചെമ്പ് കൊണ്ടുള്ള കലശപാനികളാണ് ഉപയോഗിക്കുന്നത്. ഇങ്ങിനെ സമസ്ത മേഖലകളിലും മൺപാത്രങ്ങൾ തിരസ്കരിക്കപ്പെട്ടതും പുതുതലമുറ ഉന്നത വിദ്യാഭ്യാസം നേടി മറ്റ് ജോലികളിലേക്ക് പോയതും ഇവയുടെ നിർമാണത്തിന് ആളില്ലാതായി.
ഇപ്പോൾ കന്യാകുമാരിയിൽനിന്നും പാലക്കാട് നിന്നുമാണ് മൺപാത്രങ്ങൾ ഇവിടെയെത്തുന്നത്. കുലത്തൊഴിലുകൾ സംരക്ഷിക്കപ്പെടുന്നവർക്ക് അർഹമായ സഹായം സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കണമെന്നാണ് കാർത്യായനിയുടെ ആവശ്യം.
Kannur
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി


പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.
40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ടമാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Kannur
റിസർവേഷനുണ്ടായിട്ടും ടി.ടി ടോയ്ലറ്റിന് സമീപം നിർത്തിച്ചു; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി


കണ്ണൂർ: ടി.ടിയുടെ ധിക്കാരം മൂലം തൃശൂരിൽനിന്ന് കണ്ണൂർ വരെ ടോയ്ലറ്റിന് സമീപം നിന്നു യാത്രചെയ്യേണ്ടിവന്ന യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡന്റും പൊതു പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി.ആർട്ടിസ്റ്റ് ശശികല തൃശൂരിൽനിന്ന് രാത്രി എട്ടിന് കണ്ണൂരിലേക്ക് മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടി.ടി ഹേമന്ത് കെ. സന്തോഷ് ടിക്കറ്റ് പരിശോധിക്കുകയും ഇരുന്ന സീറ്റിൽനിന്ന് എഴുന്നേൽപിച്ചു ടോയ്ലറ്റിന് സമീപം കണ്ണൂർ വരെ നിർത്തിക്കുകയുമായിരുന്നുവെന്നാണ് പരാതി.
എന്തു കാരണത്താലാണ് ടി.ടി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്ന ചോദ്യമുന്നയിച്ചു ടി.ടിക്കും തിരുവനന്തപുരം ഡിവിഷനൽ കമേഴ്സ്യൽ റെയിൽവേ മാനേജർക്കും ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്കും ആർട്ടിസ്റ്റ് ശശികല നോട്ടീസ് നൽകിയെങ്കിലും ഇവരിൽനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.
തുടർന്ന് രണ്ടുവർഷത്തിലധികം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരമൊരു വിധി ഉണ്ടായത്. വിധി നടപ്പാക്കാൻ അനുവദിച്ച 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയും കൂടി നൽകണം. പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ വൈസ് ചെയർമാൻ കൂടിയാണ് ആർട്ടിസ്റ്റ് ശശികല.
Kannur
പി.ജി.എസ് ഓര്‍ഗാനിക്ക് സര്ട്ടിഫിക്കേഷന് പദ്ധതി


കണ്ണൂർ : ജൈവകര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്ക്ക് മാര്‍ക്കറ്റുകളില്‍ ന്യായമായ വില ലഭിക്കുന്നതിന് വേണ്ടിയുള്ള പി.ജി.എസ് ഓര്‍ഗാനിക്ക് സര്ട്ടിഫിക്കേഷന് പദ്ധതി കൂടുതല്‍ കര്‍ഷകര്‍ക്ക് അവസരം നല്കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.pgsindia.ncof.gov.in വെബ്സൈറ്റില്‍ ലഭിക്കും.നിലവില്‍ 11 ബ്ലോക്കുകളായി 120 ഓളം ക്ലസ്റ്ററുകളാണ് പി.ജി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്കുകളിലേയും കൃഷിഭവനുകളില്‍ ഏരിയ അനുസരിച്ച് 50 ഹെക്ടര്‍ വീതം വരുന്ന ഗ്രൂപ്പുകളെയാണ് പി.ജി.എസ് ക്ലസ്റ്ററുകളായി രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്