സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ; മുന് പ്രസിഡന്റിനെതിരെ കേസ്

പയ്യന്നൂർ: സൈസൈറ്റി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സൊസൈറ്റിയുടെ മുന് പ്രസിഡൻറിനെതിരെ കേസ്. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്ച്ചര് വെല്ഫെയര് സൊസൈറ്റി ജീവനക്കാരി സീന ഓഫിസിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് മുന് പ്രസിഡന്റും നിലവില് ഡയറക്ടറുമായ തെക്കുമ്പാട്ടെ ടി.വി. രമേശ (58) നെതിരെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് പ്രേരണാകുറ്റത്തിന് കേസെടുത്തത്. രമേശന് പ്രസിഡൻറായിരിക്കെ സീനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി അന്വേഷണത്തില് കണ്ടെത്തിയതായി പൊലീസ് കോടതിയില് റിപ്പോര്ട്ട് നല്കിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 31 ന് രാവിലെ 11.30 നാണ് കൊവ്വപ്പുറത്തെ സൊസൈറ്റി ഓഫിസിന്റെ താഴത്തെ മുറിയില് സീനയെ തൂങ്ങിയ നിലയില് കണ്ടത്. ഉടന് പരിയാരത്തെ കണ്ണൂര് ഗവ.മെഡിക്കല് കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഉച്ചക്ക് രണ്ടോടെ മരിച്ചു.
ദേഹത്ത് വസ്ത്രത്തിനിടയിലും മുറിയിലെ മേശയില് ഒട്ടിച്ചുവെച്ചതുമായ ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില് സീനയുടെ ബന്ധുക്കളെയും സഹപ്രവര്ത്തകരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയ രമേശൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.