തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡിൽ രണ്ടു വശത്തുമായി പേ പാർക്കിങ് സംവിധാനം 23 മുതൽ നടപ്പാക്കാൻ തീരുമാനം. ജൂബിലി ഷോപ്പിങ് കെട്ടിടത്തിന് മുന്നിൽ കാർ പാർക്കിങ്ങും എതിർവശത്ത് ഇരുചക്ര വാഹനങ്ങൾക്കുമാണ് പാർക്കിങ് ക്രമീകരിച്ചത്. ശനിയാഴ്ച നഗരസഭ ഓഫിസിൽ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഓണത്തിരക്ക് നിയന്ത്രിക്കാൻ നഗരത്തിലെ മറ്റിടങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പാർക്കിങ്ങിനായി പരമാവധി ഉപയോഗപ്പെടുത്തും. നഗരത്തിലെ സ്കൂൾ ഗ്രൗണ്ടുകൾ, കോട്ടയുടെ പരിസരം എന്നിവിടങ്ങളിൽ പാർക്കിങ്ങിനായി സൗകര്യമൊരുക്കും.
ആശുപത്രി റോഡിൽ പേ പാർക്കിങ് സംവിധാനം നടപ്പിലാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇതിനായി പ്രാഥമിക നടപടികൾ തുടങ്ങിയതോടെ മുസ്ലിം യൂത്ത് ലീഗുകാരും വ്യാപാരികളിൽ ഒരു വിഭാഗവും പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ റോഡിന്റെ രണ്ട് ഭാഗവും അടച്ച് പാർക്കിങ്ങിനുള്ള ലൈൻ വരക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധമുയർന്നത്.
ഇതേതുടർന്ന് രണ്ടു തവണ സർവകക്ഷി യോഗം ചേർന്നു. ശനിയാഴ്ച ചേർന്ന യോഗത്തിൽ ആശുപത്രി റോഡിൽ ഓണം കഴിയുന്നത് വരെ പരീക്ഷണാടിസ്ഥാനത്തിൽ പേ പാർക്കിങ് നടപ്പിലാക്കാൻ തീരുമാനമെടുത്തതിനാൽ യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഓണത്തിന് ശേഷം കൂടിയാലോചന നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് യോഗ തീരുമാനം.
ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കാത്താണ്ടി റസാഖ്, അഡ്വ.എം.എസ്. നിഷാദ്, അഡ്വ.സി.ടി. സജിത്ത്, കെ.ഇ. പവിത്രരാജ്, സാഹിർ പാലക്കൽ, എം.പി. സുമേഷ്, കെ. വിനയരാജ്, വി. ജലീൽ, ബി.പി. മുസ്തഫ, വർക്കി വട്ടപ്പാറ, രമേശൻ ഒതയോത്ത് എന്നിവർ പങ്കെടുത്തു.
യു.ഡി.എഫ് നേതാക്കൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
തലശ്ശേരി: മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ റോഡ് വീതികൂട്ടി കോൺക്രീറ്റ് ചെയ്ത ശേഷം പതിനെട്ട് മീറ്റർ വീതിയുണ്ടായിരുന്ന റോഡിന്റെ വീതി ആറ് മീറ്ററായി കുറച്ച് റോഡിന് ഇരു ഭാഗത്തും പേ പാർക്കിങ് സംവിധാനമാക്കി മാറ്റുന്നതിനെതിരെ നഗരസഭയിൽ നടന്ന സർവകക്ഷി യോഗത്തിൽ യു.ഡി.എഫ് നേതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തി. ചെയർപേഴ്സന്റെ ഏകപക്ഷീയമായ നിലപാടിലും പൊതുജനങ്ങളെ പിഴിയുന്ന നഗരസഭയുടെ നടപടിയിലും പ്രതിഷേധിച്ച് യു.ഡി.എഫ് നേതാക്കൾ യോഗത്തിൽനിന്നിറങ്ങിപ്പോയി.
പേ പാർക്കിങ് അനുവദിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. യു.ഡി.എഫ് തലശ്ശേരി മണ്ഡലം കൺവീനർ അഡ്വ.സി.ടി. സജിത്ത്, സാഹിർ പാലക്കൽ, വി. ജലീൽ, കെ.ഇ. പവിത്രരാജ് എന്നിവരാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.