ഇനി മലയോരത്തിന്റെ അറിവിടം

ആലക്കോട് :മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിക്കുന്ന കുടിയേറ്റ കർഷകന് അറിവിന്റെ വെളിച്ചം പകർന്ന് സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി ഉദയഗിരി മാറി. ഡോ. ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ തുടങ്ങിയ സാമൂഹ്യവികസന ജനകീയ യജ്ഞവും (പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്) പഞ്ചായത്തും ലൈബ്രറി കൗൺസിലും കൈകോർത്താണ് കർണാടക വനാതിർത്തി പങ്കിടുന്ന പഞ്ചായത്തിന് ഈനേട്ടം കൈവരിക്കാൻ സാധിച്ചത്. 15 വാർഡുകളിലും പൊതുജന വായനശാലകളും ഇതിനുകീഴിൽ ഗ്രന്ഥശാലകളും തുടങ്ങി.
ഏറ്റവും കൂടുതൽ ട്രൈബൽ കോളനികളുള്ള പഞ്ചായത്തിൽ നാല് ഗോത്ര ഗ്രന്ഥശാല കൂടി പ്രവർത്തിക്കുന്നു. 2020ൽ ഇപ്പോഴത്തെ ഭരണസമിതി നിലവിൽ വരുമ്പോൾ അഞ്ച് വായനശാല മാത്രമുണ്ടായ സ്ഥാനത്താണ് ചുരുങ്ങിയ കാലത്തിനുള്ളിൽ മുഴുവൻ വാർഡുകളിലും ഗ്രന്ഥശാല തുടങ്ങിയത്. ഡോ. വി ശിവദാസൻ എം.പിയും പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഭരണസമിതിയും കൈകോർത്തതോടെ ഗ്രന്ഥശാലാ പ്രവർത്തനം പുതിയ ചരിത്രംകുറിച്ചു.
2021ലും 22ലും ഗ്രന്ഥശാലകൾക്ക് ഓരോ ലക്ഷം രൂപയുടെ പുസ്‌തകങ്ങളാണ് പഞ്ചായത്ത് വാങ്ങി നൽകിയത്. പതിനായിരത്തിന് മുകളിൽ പുസ്‌തകങ്ങളുള്ള മാമ്പൊയിൽ പൊതുജന വായനശാല ഗ്രന്ഥാലയവും മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് മുൻകൈയെടുത്ത് 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച് പ്രവർത്തനം തുടങ്ങിയ അരിവിളഞ്ഞപൊയിൽ പ്രതിഭ പൊതുജന വായനശാലയും ഇവയിൽ ചിലത്.
ഡോ. വി ശിവദാസൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ച് അരിവിളഞ്ഞപൊയിൽ പ്രതിഭ പൊതുജന വായനശാല നവീകരിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങളും തുടങ്ങി. ഗോത്ര ഗ്രന്ഥശാലകൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ അമ്പതിനായിരം രൂപയുടെ വീതം പുസ്തകങ്ങളും പഞ്ചായത്ത് എട്ട് ലൈബ്രറികൾക്ക് അലമാര, മേശ, കസേര എന്നിങ്ങനെ ഫർണിച്ചറും വാങ്ങി നൽകി.