ഓണ്‍ലൈന്‍ കോഴ്സിന് ഇനി അനുമതി വേണ്ടാ: യു.ജി.സി പട്ടികയില്‍ ഇടംപിടിച്ച് എം.ജി.സര്‍വകലാശാല
ന്യൂഡല്‍ഹി: 2023-’24 അധ്യയനവര്‍ഷം ഓണ്‍ലൈന്‍ കോഴ്സ് ആരംഭിക്കുന്നതിന് അനുമതിയാവശ്യമില്ലാത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.). 76 സ്ഥാപനങ്ങളുടെ പേരുള്ള പട്ടികയില്‍ കേരളത്തില്‍നിന്ന് എം.ജി.സര്‍വകലാശാലയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ബി.ബി.എ, ബി.കോം. (ജനറല്‍), എം.കോം. (ഫിനാന്‍സ്), മള്‍ട്ടിമീഡിയ, ആനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, സോഷ്യോളജി ബിസിനസ് ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ എം.എ., സ്റ്റാറ്റിറ്റിക്‌സില്‍ എം.എസ്സി., ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളാണ് സര്‍വകലാശാലയിലുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍.
ജൂലായ്-ഓഗസ്റ്റ് കാലയളവില്‍ ക്ലാസുകളാരംഭിക്കണമെന്നും യു.ജി.സി. നിഷ്‌കര്‍ഷിക്കുന്നു. സെപ്റ്റംബര്‍ 30-ഓടെ അവസാന പ്രവേശനനടപടികളും പൂര്‍ത്തിയാക്കണം. ഒക്ടോബര്‍ 15-നകം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: ugc.gov.in.