ആയുഷ് അഖിലേന്ത്യാ അലോട്മെന്റ്: നടപടികൾ സെപ്‌റ്റംബർ ഒന്നിന് തുടങ്ങും

ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്മെൻറ് നടപടികൾ സെപ്‌റ്റംബർ ഒന്നിന് aaccc.gov.in -ൽ ആരംഭിക്കും.
പ്രോഗ്രാമുകൾ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. 2023 റാങ്ക് അടിസ്ഥാനമാക്കി ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.എച്ച്.എം.എസ്., എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലേക്കുള്ള അലോട്മെൻറുകളാണ് പ്രക്രിയയുടെ പരിധിയിൽവരുന്നത്.
ഈ പ്രോഗ്രാമുകളിലെ ഗവൺമെൻറ്, ഗവൺമെൻറ് എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കും ദേശീയസ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകളിലേക്കുമാണ് ഈ പ്രക്രിയ വഴി അലോട്മെൻറ്് നൽകുന്നത്.
രജിസ്ട്രേഷൻ: ആദ്യറൗണ്ട് അലോട്മെൻറിൽ പങ്കെടുക്കാൻ വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത്, രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവ ഓൺലൈൻ ആയി അടയ്ക്കാൻ സെപ്‌റ്റംബർ ഒന്നുമുതൽ സൗകര്യം ലഭിക്കും. നാലിന് ഉച്ചയ്ക്ക് രണ്ടുവരെ രജിസ്ട്രേഷൻ നടത്താം. തുക അടയ്ക്കാൻ വൈകീട്ട് അഞ്ചുവരെ സമയമുണ്ട്.
ചോയ്സ് ഫില്ലിങ്: ഫീസടച്ചശേഷം, ചോയ്സ് ഫില്ലിങ് സെപ്‌റ്റംബർ രണ്ടുമുതൽ സെപ്‌റ്റംബർ നാലിന് രാത്രി 11.55 വരെ നടത്താം. ചോയ്സ് ലോക്കിങ് സൗകര്യം നാലിന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ ഉണ്ടാകും. ലോക്കുചെയ്യുംവരെ, ഒരിക്കൽ നൽകിയ ചോയ്സുകൾ, എത്രതവണ വേണമെങ്കിലും മാറ്റി ക്രമീകരിക്കാം. ലോക്കുചെയ്തില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് ചോയ്സുകൾ ലോക്കുചെയ്യും.
അലോട്മെന്റ്
ആദ്യ റൗണ്ട് അലോട്മെൻറ് ഫലം സെപ്‌റ്റംബർ ഏഴിന് പ്രഖ്യാപിക്കും. അലോട്ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടാൻ, എട്ടുമുതൽ 13 വരെ സമയമുണ്ടാകും. രണ്ടാംറൗണ്ട് നടപടികൾ 20-ന് തുടങ്ങും. വിവിധ നടപടികളുടെ സമയപരിധി ഇങ്ങനെയാണ്: രജിസ്ട്രേഷൻ 24-ന് ഉച്ചയ്ക്ക് രണ്ടുവരെ, ഫീസ് അടയ്ക്കൽ 24-ന് വൈകീട്ട് അഞ്ചുവരെ, ചോയ്സ് ഫില്ലിങ് 21 മുതൽ 24 രാത്രി 11.55 വരെ, ചോയ്സ് ലോക്കിങ് 24-ന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ.
രണ്ടാം അലോട്മെൻറ്് ഫലം 27-ന്. പ്രവേശനം 28 മുതൽ ഒക്ടോബർ അഞ്ചുവരെ.
റൗണ്ട് മൂന്ന് നടപടികൾ ഒക്ടോബർ 12-ന് തുടങ്ങും. സമയപരിധി ഇപ്രകാരം: രജിസ്ട്രേഷൻ 15-ന് ഉച്ചയ്ക്ക് രണ്ടുവരെ, ഫീസ് അടയ്ക്കൽ 15-ന് വൈകീട്ട് അഞ്ചുവരെ. ചോയ്സ് ഫില്ലിങ്, ലോക്കിങ് 15-ന് രാത്രി 11.55 വരെ. അലോട്മെൻറ്് -18, പ്രവേശന സമയപരിധി – 19 മുതൽ 26 വരെ.
മൂന്നാം റൗണ്ടിനുശേഷമുള്ള സ്ട്രേ വേക്കൻസി റൗണ്ടിൽ ഗവൺമെൻറ്്/എയ്ഡഡ് കോളേജുകളിലെയും കേന്ദ്ര സർവകലാശാലകൾ, ദേശീയ സ്ഥാപനങ്ങൾ എന്നിവയിലെയും ഒറ്റപ്പെട്ട ഒഴിവുകൾ എ.എ.സി.സി.സി. ഓൺലൈൻ കൗൺസിലിങ് വഴി നികത്തും. ഒഴിവുകൾ ഒക്ടോബർ 30-ന് വൈകീട്ട് അഞ്ചുകഴിഞ്ഞ് പ്രസിദ്ധപ്പെടുത്തും. ഈ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ള, താത്‌പര്യമുള്ളവർ അതിനുള്ള സന്നദ്ധത എ.എ.എ.സി.സി. വെബ് സൈറ്റ് വഴി അറിയിക്കേണ്ടിവരും. ചോയ്സ് ഫില്ലിങ് 30 മുതൽ നവംബർ ഒന്നുവരെ. ചോയ്സ് ലോക്കിങ് ഒന്നിന് രാത്രി 11.55 വരെ. അലോട്മെന്റ് ഫലം നാലിന്. പ്രവേശനം നാലിനും 11-നും ഇടയ്ക്ക് നേടണം.
മൂന്നാം റൗണ്ടിനുശേഷം കല്പിത സർവകലാശാലകളിലെ ഒറ്റപ്പെട്ട ഒഴിവുകൾ അതതു സർവകലാശാലാ തലത്തിൽ നികത്തുന്നതിലേക്ക് (സ്ട്രേ വേക്കൻസി റൗണ്ട്), അർഹതയുള്ളവരുടെ ലിസ്റ്റ് സ്ഥാപനങ്ങൾക്ക് എ.എ.എ.സി.സി. നവംബർ ആറിന് കൈമാറും. കൗൺസിലിങ്, റിപ്പോർട്ടിങ് ഉൾപ്പെടെയുള്ള നടപടികൾ അവർ ആറിനും 18-നും ഇടയിൽ പൂർത്തിയാക്കണം. ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന തീയതി, എൻ.സി.ഐ.എസ്.എം./എൻ.സി.എച്ച്. പിന്നാലെ വിജ്ഞാപനം ചെയ്യും.