കാത്തിരിപ്പിനൊടുവില്‍ ഉളിയില്‍ ബസ് ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമായി

Share our post

ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഉളിയില്‍ ടൗണില്‍ ബസ് ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമായി. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് എട്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഷെല്‍ട്ടര്‍ സണ്ണിജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി-വളവുപാറ റോഡ് കെ. എസ്. ടി. പി പദ്ധതിയിൽ നവീകരിച്ച ഘട്ടത്തില്‍ പാതയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഷെല്‍ട്ടര്‍ സ്ഥാപിച്ചെങ്കിലും പ്രാദേശികമായ തര്‍ക്കത്തെതുടര്‍ന്ന് ഉളിയില്‍ ടൗണില്‍ ഷെല്‍ട്ടര്‍ നിര്‍മ്മാണം നിർത്തിവെക്കുകയായിരുന്നു.

തുടര്‍ന്ന് ഉളിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ രാഷ്ട്രിയ – സന്നദ്ധസംഘടനകളും ജനപ്രതിനിധികളും നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി. താലൂക്ക് വികസന സമിതിയില്‍ ഉള്‍പ്പടെ പ്രശ്‌നം ചര്‍ച്ചക്ക് വന്നെങ്കിലും നടപടി നീണ്ടുപോയി. റോഡ് നവീകരണം പൂര്‍ത്തിയാക്കി കെ. എസ്. ടി. പി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെ ഷെല്‍ട്ടര്‍ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി.

തുടര്‍ന്നാണ് റോഡിന്റെ ഇരുഭാഗങ്ങളിലും ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക സണ്ണിജോസഫ് എം. എല്‍ എ അനുവദിച്ചത്. ഷെല്‍ട്ടര്‍ സ്ഥാപിച്ചതോടെ യാത്രക്കാര്‍ക്കും ഏറെ ആശ്വാസമായിരിക്കുകയാണ്. ചടങ്ങില്‍ നഗരസഭാ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷയായി. നഗരസഭാ കൗണ്‍സീലര്‍ കോമ്പില്‍ അബ്ദുള്‍ഖാദര്‍, ടി.കെ. ഷരീഫ, സി.ഇസ്മായില്‍, എന്‍.ശശീധരന്‍, സി.എം. നസീര്‍, വി.എം. മുഹമ്മദ്. പി. പവനന്‍, ഹനീഫ എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!