റോഡിലെ അമിത വേഗക്കാർ കുടുങ്ങും; മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

Share our post

മട്ടന്നൂർ: റോഡിൽ നിയമം ലംഘിച്ച് അതിവേഗത്തിൽ പായുന്ന വാഹനങ്ങളെ കുടുക്കാൻ മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എ ഐ ക്യാമറകൾ ഘടിപ്പിച്ച് പരിശോധനക്ക് സജ്ജമാക്കിയ വാഹനം മട്ടന്നൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഓഫീസിലെത്തി.

വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്തുന്ന മൈക്രോ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള നാല്‌ വാഹനങ്ങളാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇവയുടെ ബേസ് സ്റ്റേഷൻ. മറ്റു ജില്ലകളിൽ നിശ്ചിത ദിവസങ്ങളിൽ പരിശോധനയ്ക്കായി വാഹനം വിട്ടുനൽകും.

കണ്ണൂർ ജില്ലയിൽ 10 ദിവസമാണ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധന ഉണ്ടാകുക. നിയമ ലംഘനം കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ട്‌ സിസ്റ്റം പ്രവർത്തിപ്പിച്ചാൽ വാഹനങ്ങളുടെ വേഗപരിധി എ ഐ ക്യാമറ വഴി റെക്കോർഡ് ചെയ്യും. നിയമ ലംഘനങ്ങൾ കണ്ടെത്തി കൺട്രോൾ റൂമിലേക്ക് നൽകി ഇ-ചലാൻ നൽകുകയും ചെയ്യും. രാത്രികാല പരിശോധനക്ക് ലൈറ്റ് സംവിധാനവുമുണ്ട്. 1500 രൂപയാണ് വേഗപരിധി ലംഘിച്ചാലുള്ള പിഴ.

രണ്ട് ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം ഈ മാസം മുഴുവൻ ജില്ലയിൽ പരിശോധന ഉണ്ടാകുമെന്ന് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ. എ. സി ഷീബ, എം. വി. ഐ .എം .പി റിയാസ് എന്നിവർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!