പുതുപ്പള്ളി: എന്നവസാനിക്കും വാടകജീവിതം; സർക്കാർ ഓഫീസുകൾ പലതും വാടകക്കെട്ടിടങ്ങളിൽ

പുതുപ്പള്ളി: വാടകക്കെട്ടിടങ്ങളിലെ ജീവിതം എന്നവസാനിക്കുമെന്ന് അറിയാതെ പൊടിപിടിച്ച് കിടക്കുന്ന സർക്കാർ ഓഫീസുകൾ ഇന്നും പുതുപ്പള്ളിക്ക് സ്വന്തം. മുൻ മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയിൽ മാത്രം നിരവധി ഓഫീസുകളാണ് സ്വന്തമായി കെട്ടിടമില്ലാതെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.
കെ.എസ്.ഇ.ബി പുതുപ്പള്ളി സെക്ഷൻ ഓഫീസ്, ലേബർ ഓഫീസ്, ഫുഡ് സേഫ്‌റ്റി ഓഫീസ്, ഭൂജല വകുപ്പിന്റെ ഹൈഡ്രോളിക് സർവേ ഓഫീസ്, രജിസ്‌ട്രാർ ഓഫീസ് എന്നിവ ഇതിൽ ചിലതുമാത്രം. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന പ്രധാന ഓഫീസുകളാണ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത്.
ഓഫീസുകൾ എല്ലാം ഒരു കൂരയ്‌ക്ക് കീഴിലാക്കാൻ മിനി സിവിൽ സ്‌റ്റേഷൻ വേണമെന്ന പുതുപ്പള്ളിക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മിനി സിവിൽ സ്‌റ്റേഷന് ഒരു കോടി രൂപ അനുവദിച്ചെങ്കിലും പണി പൂർത്തിയായില്ല.
നിർമാണം പാതിവഴിയിലായ ആ കെട്ടിടം വികസനമെത്താത്ത നാടിന്റെ പ്രതീകമായി നിലനിൽക്കുന്നു. എം.എൽ.എയും 25 വർഷം പഞ്ചായത്ത് ഭരിച്ച യു.ഡി.എഫും പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കാതിരുന്നതോടെ നാടിന്റെ സ്വപ്‌നം മങ്ങി. ഇത്തവണ പഞ്ചായത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് വീണ്ടും ജീവനായി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് ഒരുകോടി രൂപ അനുവദിച്ചു.