സഞ്ചാരികളാല്‍ നിറഞ്ഞു കവിഞ്ഞ് മൂന്നാര്‍; ഓണക്കാലത്ത് പ്രതീക്ഷയോടെ ഇടുക്കി

ഓണക്കാലത്ത് സഞ്ചാരികളുടെ പറുദീസയാവാന്‍ ഒരുങ്ങി ഇടുക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇടുക്കി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പ്രളയവും കോവിഡും കഴിഞ്ഞ് സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരുന്ന ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഈ ഓണക്കാലും കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയിലേക്കെത്തിയത്. ഞായറാഴ്ച മാത്രം ജില്ലയില്‍ ഡി.ടി.പി.സി.യുടെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത് 15,000 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ചത് വാഗമണ്ണാണ്.
5395 പേരാണ് അന്നെത്തിയത്. മാട്ടുപ്പെട്ടിയില്‍ 440 പേരും രാമക്കല്‍മെട്ടില്‍ 1035-പേരും അരുവിക്കുഴിയില്‍ 201-പേരും, എസ്.എന്‍.പുരത്ത് 1973-പേരും പഞ്ചാലിമേട്ടില്‍ 1268-പേരും, ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ 380-പേരും, മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ 1724-പേരും സന്ദര്‍ശിച്ചു.
കാലവര്‍ഷം ശക്തി പ്രാപിച്ചിരുന്ന സമയമായതിനാല്‍ മുന്‍ കാലങ്ങളില്‍ ഈ സമയം ഡി.ടി.പി.സി.യുടെ വിനോദ സഞ്ചാര കേന്ദ്രളില്‍ ആരും എത്തിയിരുന്നില്ല. ഇത്തവണ മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ സഞ്ചാരികളുടെ എണ്ണം കണക്കാക്കുമ്പോള്‍ ടൂറിസം മേഖലില്‍ ഉണര്‍വാണ് കാണാനാവുന്നത്.
ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം പുരോഗമിക്കുകയാണെന്ന് ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് പറഞ്ഞു. തമിഴ്നാട്ടിലെ കൊടൈക്കനാല്‍ നവീകരണത്തിനായി അടച്ചതിനാല്‍ അവിടേക്ക് യാത്ര തീരുമാനിച്ചവര്‍ പകരമായി ഇടുക്കിയിലേക്ക് എത്തുന്നുണ്ട്.
സഞ്ചാരികളാല്‍ നിറഞ്ഞു കവിഞ്ഞ് മൂന്നാര്‍
ഓണം സീസണ്‍ തുടങ്ങിയതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്. രണ്ടാം ശനിയും ഞായറുമായിരുന്നതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാട്ടുപ്പെട്ടിയിലും രാജമലയിലും വന്‍തിരക്ക് ദൃശ്യമായിരുന്നു.
മാട്ടുപ്പെട്ടിയിലെത്തിയ പല സഞ്ചാരികള്‍ക്കും തിരക്കുമൂലം ബോട്ടിങ്ങിന് അവസരം ലഭിച്ചില്ല. രാജമലയിലും പരമാവധി സഞ്ചാരികള്‍ മിക്ക ദിവസങ്ങളിലും എത്തി.
2880-പേര്‍ക്കാണ് രാജമലയില്‍ ഒരുദിവസം പ്രവേശനം നല്‍കുന്നത്. മാട്ടുപ്പെട്ടിയില്‍ 3500-പേര്‍ക്കുവരെ ബോട്ടിങ്ങ് ആസ്വദിക്കാനാവും. ഹൈഡല്‍ ടൂറിസത്തിനും ഡി.ടി.പി.സി.ക്കും ഒപ്പം 70-പേര്‍ക്ക് കയറാവുന്ന സ്വകാര്യബോട്ടും ഇവിടെയുണ്ട്.
ഇടയ്ക്ക് കട്ടപ്പുറത്തായിരുന്ന ബോട്ടുകളെല്ലാം നീറ്റിലിറക്കിക്കഴിഞ്ഞു. ജലനിരപ്പ് 60 ശതമാനത്തോളമാണിപ്പോള്‍. തുലാവര്‍ഷ മഴയിലാണ് മാട്ടുപ്പെട്ടി ജലാശയം നിറയുന്നത്.