പുകഞ്ഞുതീരുന്ന ബീഡി വ്യവസായം

പയ്യന്നൂർ: കണ്ണൂരിന്റെ ഗ്രാമങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഏറെ സ്വാധീനിച്ച സംരംഭമാണ് ബീഡിയുടേത്. നിരവധി തൊഴിൽശാലകളുമായി ഗ്രാമജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ബീഡി വ്യവസായം മാറിയിരുന്നു. ആദ്യം സ്വകാര്യ സ്ഥാപനങ്ങളായിരുന്നുവെങ്കിൽ ദിനേശിന്റെ വരവോടെ ബീഡി മേഖല അവഗണിക്കാനാവാത്ത തൊഴിലിടമായി പരിണമിച്ചിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിൽനിന്നാണ് 1969 ഫെബ്രുവരി 15ന് തൊഴിലാളികളുടെ സ്വന്തം സ്ഥാപനമായ ദിനേശ് രൂപം കൊണ്ടത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി 42000 പേർക്ക് നേരിട്ടും രണ്ടു ലക്ഷം പേർക്ക് പരോക്ഷമായും തഴിൽ നൽകിയ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ സംഘമായി ചരിത്രമെഴുതി. നാടിനെ ഇടതുപക്ഷത്തോടൊപ്പം ചേർത്തുനിർത്തുന്നതിനും ദിനേശ് വഹിച്ച പങ്ക് ചെറുതല്ല.
കണ്ണൂരിൽ ആദ്യം ഉണ്ടായത് ഗണേശ് ബീഡിയായിരുന്നു. തുടർന്ന് മംഗലാപുരം ആസ്ഥാനമായുള്ള ഭാരത് ബീഡി, കണ്ണൂരിലെ സാധു ബീഡി എന്നിവയും സജീവമായി. കണ്ണൂരും പരിസരങ്ങളിലും സാധു ബീഡി സജീവമായപ്പോൾ കണ്ണൂരിന്റെ വടക്കും കാസർകോട് ജില്ലയിലുമാണ് ഭാരത് ബീഡി പന്തലിച്ചത്. പോയ കാലം ഇങ്ങനെയാണെങ്കിലും ബീഡി വ്യവസായത്തിന് ഇന്ന് പഴയ പ്രതാപമില്ല.
ബീഡിയെ പുകച്ചുചാടിച്ച ന്യൂജൻ കാലം
യുവാക്കളിൽ ബീഡി വലി കുറഞ്ഞത് വ്യവസായത്തെ ഏറെ ബാധിച്ചു. പുതുതലമുറ പൂർണമായും ബീഡിയെ മാറ്റി നിർത്തി. തൊഴിൽ കുറയാൻ ഇത് കാരണമായി. തൊഴിൽ സുരക്ഷയില്ലാത്തതിനാൽ തൊഴിലാളികൾ മേഖലയിലേക്ക് കടന്നുവരുന്നില്ല. ഉള്ളവർക്കു തന്നെ തൊഴിലില്ല. വൈവിധ്യവത്കരണത്തിലൂടെയാണ് ദിനേശ് ഒരു വിധം പിടിച്ചു നിൽക്കുന്നത്. സ്വകാര്യ ബീഡിക്കമ്പനികൾ പലതും പേരിൽ മാത്രമായി ഒതുങ്ങി.
കേരളത്തിൽ ബീഡി വ്യവസായ വിറ്റുവരവിൽ വൻ ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം 13 കോടിയോളം രൂപയുടെ കുറവുണ്ടായതായി തൊഴിൽമന്ത്രി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ പറയുകയുണ്ടായി. 2020-21 വര്‍ഷം 61.88 കോടി രൂപ വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്ന ബീഡി വ്യവസായം 2021-22 വര്‍ഷം 48.22 കോടിയായി കുറഞ്ഞതായും മന്ത്രി പറയുന്നു.
കരകയറ്റിയത് വൈവിധ്യവത്കരണം
ബീഡി വ്യവസായം ഗുരുതര പ്രതിസന്ധി നേരിട്ടപ്പോള്‍ ആരംഭിച്ച വൈവിധ്യവത്കരണ പദ്ധതികളിലൂടെ ബീഡിത്തൊഴിലാളികളെയും അവരുടെ ആശ്രിതരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. വ്യവസായം തകർച്ചയുടെ വക്കിലെത്തിയപ്പോഴാണ് വൈവിധ്യവത്കരണത്തിന് തുടക്കം കുറിച്ചത്. 1997 ൽ ഭക്ഷ്യ സംസ്കരണ യൂനിറ്റ് തുടങ്ങിയായിരുന്നു തുടക്കം. സഹകരണ സംഘമായതുകൊണ്ടുതന്നെ മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.
ഭക്ഷ്യസംസ്കരണത്തിന് പുറമെ കുടനിര്‍മാണം, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഡാറ്റ സെന്റര്‍, ഐ.ടി, ബാങ്കിങ് സോഫ്റ്റ് വെയര്‍, ഓഡിറ്റോറിയം, ഹോട്ടൽ തുടങ്ങിയ യൂനിറ്റുകളിലായി ബീഡിത്തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി 800ല്‍ പരം പേര്‍ക്ക് പ്രത്യക്ഷമായും ആയിരക്കണക്കിന് പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.
പ്രതാപമസ്തമിച്ച തൊഴിലിടം
കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിലും 18 പ്രൈമറി സംഘങ്ങളിലുമായി 5000ത്തോളം തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നു. തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മിനിമം കൂലിയും പി.എഫ്, ഗ്രാറ്റ്യുവിറ്റി ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും കൃത്യതയോടെ സംഘം നല്കി വരുന്നുണ്ട്. പ്രതിവര്‍ഷം 17.33 കോടിയോളം രൂപ സംഘം ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചുവരുന്നുണ്ട്.
കുറഞ്ഞ നിരക്കിലുള്ള ബീഡി ബ്രാന്‍ഡുകള്‍ ഇവിടത്തെ ചെറുകിട കമ്പോളങ്ങള്‍ കൈയടക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. വിലയിലെ അന്തരം കാരണം ദിനേശ് ബീഡി വില്പന ചെയ്യാന്‍ സാധിക്കാതെ സ്റ്റോക്ക് കൂടിവരികയും ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളികളുടെ തൊഴില്‍ വെട്ടിച്ചുരുക്കേണ്ടി വരികയും ചെയ്തു.
പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം
കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം നിലവില്‍ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു കോടി രൂപ പ്രവര്‍ത്തന ഗ്രാന്റായും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണ സഹായമായി ഒരു കോടി രൂപയും സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വ്യാജ ദിനേശ് ബീഡിയുടെ വ്യാപനം തടയുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെ വിജിലന്‍സ് വകുപ്പ് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
നികുതി വെട്ടിച്ചുവരുന്ന ബീഡി വ്യാപകം
നികുതി വെട്ടിച്ചുകൊണ്ട് വരുന്ന ബീഡികള്‍ പലയിടങ്ങളിലും ദിനേശിന് ഭീഷണിയാവുന്നു. ഇത്തരം ബീഡികൾ പിടിച്ചെടുത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
അതിര്‍ത്തി ജില്ലകളായ ചെങ്കോട്ട, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നും വ്യാപകമായി ബീഡി ഉൽപന്നങ്ങള് കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടത്തുകയും വീടുകള്‍ കേന്ദ്രീകരിച്ച് സൂക്ഷിക്കുകയും ചെറിയ വാഹനങ്ങളില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ വിതരണം ചെയ്തു വരുന്നതായും റെയ്ഡുകളില് കണ്ടെത്തിയിരുന്നു.