PERAVOOR
കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ്

കണിച്ചാർ: ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കണിച്ചാർ മലയമ്പാടി പ്ലാക്കൂട്ടത്തിൽ ഹൗസിൽ പി. സി ജിൻസിന്റെ പന്നിഫാമിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഈ ഫാമിലെയും 10 കിലോ മീറ്റർ ചുറ്റളവിലുള്ള 28ാം മൈൽ ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും മുഴുവൻ പന്നികളേയുമാണ് അടിയന്തിരമായി ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിച്ച് മറവ് ചെയ്യണം.രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന മാർഗ നിർദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ് കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും റോഡ് ട്രാൻസ്‌പോർട്ട് ഓഫീസറുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തേണ്ടതാണ്. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണം.
രോഗം സ്ഥിരീകരിച്ച തദ്ദേശസ്ഥാപന പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, കെ എസ് ഇ ബി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എന്നിവരുൾപ്പെട്ട സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ആപ്പീസർ, തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കേണ്ടതാണ്.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നൽകേണ്ടതാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ആപ്പീസർമാർ, റൂറൽ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ആപ്പീസറെ വിവരം അറിയിക്കണം.
വെറ്ററിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള തുടർനടപടികൾ സ്വീകരിക്കണം. ഫാമുകളിൽ ആവശ്യമായ അണുനശീകരണ, ഫ്യൂമിഗേഷൻ പ്രവർത്തനങ്ങൾ ഫയർ ആൻഡ് റെസ്‌ക്യു അധികൃതർ നടത്തേണ്ടതാണെന്നും ഉത്തരവിൽ നിർദേശിച്ചു.
PERAVOOR
വിവിധ സേനകളിലേക്ക് നിയമനം ലഭിച്ചവർക്ക് യാത്രയയപ്പ്

പേരാവൂർ: എം.എഫ്.എയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമി, കേരള പോലീസ് എന്നീ സേനകളിലേക്ക് നിയമനം ലഭിച്ച 15 ഉദ്യോഗാർത്ഥികൾക്കുള്ള യാത്രയയപ്പ് നടത്തി. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ ചെയർമാൻ എം.സി. കുട്ടിച്ചൻ അധ്യക്ഷനായി. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
PERAVOOR
പേരാവൂരിൽ നെൽവയൽ നികത്തൽ വ്യാപകം; പാടശേഖരത്തിലുൾപ്പെട്ട വയലും മണ്ണിട്ട് നികത്തുന്നു

പേരാവൂർ : പഞ്ചായത്തിലെ മണത്തണ, വെള്ളർവള്ളി വില്ലേജുകളിൽ നെൽവയൽ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. 2008-ലെ നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമത്തെ കാറ്റിൽപ്പറത്തിയാണ് ഏക്കർകണക്കിന് കൃഷിഭൂമി പട്ടാപ്പകൽ മണ്ണിട്ടുനികത്തുന്നത്. മണത്തണ വില്ലേജിലെ പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിലും വെള്ളർവള്ളി വില്ലേജിലെ തൊണ്ടിയിൽ, കല്ലടി, തിരുവോണപ്പുറം പ്രദേശങ്ങളിലുമാണ് വ്യാപകമായി ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്.
റോഡരികുകളിൽ കൊണ്ടിടുന്ന മണ്ണ് പിന്നീട് വയലുകളിലേക്ക് നീക്കിയാണ് ഘട്ടം ഘട്ടമായി കൃഷിഭൂമി നികത്തുന്നത്. കല്ലടി വാർഡിൽ പാടശേഖരത്തിലുൾപ്പെട്ട ഭൂമിയിലും വിവിധയിടങ്ങിലായി മണ്ണിട്ട നിലയിലാണ്. അവധി ദിവസങ്ങളിലാണ്ടിപ്പർ ലോറിയിൽ മണ്ണെത്തിക്കുന്നത്.സംരക്ഷിത നെൽവയൽ ഡാറ്റാബാങ്കിലുൾപ്പെട്ടതാണ് കല്ലടിയിലെ 31/1 റി.സർവേയിൽ ഉൾപ്പെട്ട ഈ വയലുകൾ. ഇവ ഭാഗികമായി ഇപ്പോൾ നികത്തിക്കഴിഞ്ഞു. മുരിങ്ങോടിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സമീപത്തെ വയലുകളിൽ മണ്ണ് സംഭരിച്ചത്. ഇവ പിന്നീട് നീക്കം ചെയ്യാതെ പൂർണ്ണമായും മണ്ണിട്ട് നികത്തുകയായിരുന്നു. പേരാവൂർ പഞ്ചായത്തോ കൃഷിവകുപ്പോ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
നെൽവയലുകൾ അപ്രത്യക്ഷമാവുന്നു
2008-ൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും ഡാറ്റാ ബാങ്കിലുൾപ്പെട്ട നിരവധി വയലുകളാണ് പേരാവൂർ മേഖലയിൽ മാത്രം നികത്തിയത്. നികത്തിയ വയലുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ പേരാവൂർ കൃഷിഭവനിൽ നല്കിയ വിവരാവകാശ അപേക്ഷക്ക് അപൂർണമായ മറുപടിയാണ് ലഭിച്ചതും. കല്ലടി പാടശേഖരത്തിലെ വയലുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ മണത്തണ വില്ലേജ് കമ്മറ്റി റവന്യു, കൃഷി അധികൃതർക്ക് മുൻപ് പരാതി നൽകുകയും അധികൃതരെത്തി മണ്ണിടുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ ഇട്ട മണ്ണ് എടുത്തുമാറ്റി കൃഷി സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം അധികൃതർ സ്വീകരിച്ചിരുന്നില്ല. സമാനമായാണ് മുരിങ്ങോടിയിലും സംഭവിച്ചത്. വയലുകളിൽ ഇട്ട മണ്ണ് എടുത്തുമാറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തതിനാലാണ് വീണ്ടും വീണ്ടും വയലുകൾ നികത്താൻ ഉടമകൾക്ക് പ്രചോദനമാവുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ നോക്കിയാണ് നിയമലംഘനം നടത്തുന്നത്. കൃഷി ഓഫീസർ കൺവീനറായിട്ടുള്ള പ്രാദേശിക നിരീക്ഷണ സമിതിയുണ്ടെങ്കിലും പേരിന് മാത്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നടപടിക്ക് നിർദ്ദേശം
നെൽ വയലുകൾ മണ്ണിട്ട് നികത്തിയ സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വെള്ളർവള്ളി വില്ലേജ് ഓഫീസർ എൻ.രാജീവൻ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വയൽ നികത്തുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പേരാവൂർ കൃഷി ഓഫീസറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
PERAVOOR
വിമാനത്താവളം റോഡ്; കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണമെന്ന് വിദഗ്ദ സമിതി

പേരാവൂർ : മാനന്തവാടി -കൊട്ടിയൂർ -പേരാവൂർ-മട്ടന്നൂർ വിമാനത്താവള റോഡ് നാലുവരിയായി വികസിപ്പിക്കുമ്പോൾ ജനങ്ങൾ മുന്നോട്ടുവെക്കുന്ന ബദൽ നിർ ദേശങ്ങളും ആവശ്യങ്ങളും പരിഗണിക്കണമെന്ന് വിദഗ്‌ധസമിതി റിപ്പോർട്ട്. സാമൂഹിക പ്രത്യാഘാത പഠനറിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള വിദഗ്‌ധസമിതിയുടെ ശുപാർശയിലാണ് ഇക്കാര്യം പറയുന്നത്.
സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്ന ഭൂവുടമകളും കെട്ടിട ഉടമകളും തൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ അർഥത്തിലും സഹകരിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടണം. അതിനുള്ള നടപടികളുണ്ടായില്ലെങ്കിൽ ജനങ്ങളും ഗ്രാമപ്പഞ്ചായത്തുകളും നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഇത് പദ്ധതി യാഥാർഥ്യമാകുന്നതിൽ കാലതാമസമുണ്ടാക്കും.
പരിഹാരം നൽകാനുള്ള നടപടികളും ആവശ്യമാണെങ്കിൽ പുനരധിവാസ സംവിധാനങ്ങളും സജ്ജീകരിച്ച ശേഷമേ നിർമാണ പ്രവൃത്തികൾ നടപ്പാക്കാവൂവെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞരും ജനപ്രതിനിധികളും പുനരധിവാസ പ്രവർത്തനവിദഗ്‌ധരും സാങ്കേതിക വിദഗ്‌ധരും അടങ്ങുന്നതാണ് ഡോ. സുനിൽകുമാർ യെമ്മൻ ചെയർമാനായ സമിതി. കളക്ടർക്കാണ് സമിതിയുടെ ശുപാർശകൾ കൈമാറിയത്.
ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 84.906 ഹെക്ടർ ഭൂമിയാണ് നാലുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്നത്. 2568 കൈവശ ഭൂമികളെയാണ് ഏറ്റെടുക്കൽ ബാധിക്കുക. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഭൂമി സംരക്ഷിക്കാനായി മേൽപ്പാല നിർമാണം ഉൾപ്പെടെയുള്ള ദേവസ്വത്തിന്റെ ആവശ്യം പരിഗണിക്കണം. കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണം, നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഉറപ്പാക്കിയേ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങാവൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്