റേഡിയോ ജോക്കി വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം, രണ്ട് ലക്ഷം വീതം പിഴ, ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ

Share our post

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാർഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി വ്യക്തമാക്കി.

കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേല്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിടുകയായിരുന്നു.

2018 മാർച്ച് 27 നാണ് കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം ആളുകൾ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. പുലർച്ചെ രണ്ടരയോടെ സംഭവമുണ്ടായത്. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പ്രതികളിൽ ഒരാളായ സ്ഫടികം എന്ന് വിളിക്കുന്ന സ്വാതി സന്തോഷ് പിടിയിലായി.

പിന്നാലെ മറ്റു പ്രതികളും പൊലീസിന്റെ വലയിലായി. ഖത്തറിലെ വ്യവസായിയായ അബ്ദുൾ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നിലെ കാരണം. ഒന്നാം പ്രതിയായ സത്താറിനെ ഇപ്പോഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!