ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ അവസരം; അനുമതി 31 വരെ മാത്രം

ഇടുക്കി: ഓണാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിൽ സന്ദർശനാനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഡാം സന്ദര്‍ശനത്തിന് എത്തുന്നവര്‍ പൂര്‍ണമായി ഹരിതചട്ടം പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ അനാവശ്യമായി വലിച്ചെറിയെരുത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിക്കും. സി.സി.ടി.വി നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്ടറുകളുടെ സഹായത്തോടെയുമാകും അണക്കെട്ടിലേക്ക് പ്രവേശനം അനുവദിക്കുക. സന്ദര്‍ശന കാലയളവില്‍ അണക്കെട്ടിന്റെ പരിസരത്ത് താല്‍ക്കാലിക ശുചിമുറികളും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.