വിള നശിപ്പിച്ച് കുരങ്ങുകൾ; കൃഷി ഉപേക്ഷിച്ച് കർഷകർ

കണ്ണവം : കണ്ണവം വനത്തോടു ചേർന്നു നിൽക്കുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കർഷകർ കുരങ്ങ് ശല്യം കാരണം കൃഷി ഉപേക്ഷിക്കുന്നു. വർഷങ്ങളായി തെങ്ങ് കൃഷി ചെയ്യുന്ന കർഷകർ കൃഷി കൈവിട്ട നിലയിലാണ്. വർഷംതോറും തെങ്ങിന് ചാണകവും മറ്റ് വളങ്ങളും ഉൾപ്പെടെ നൽകിയാലും വിളവ് കുറവാണ്.
ഇതിനിടയിലാണു കുരങ്ങുകളുടെ ശല്യവും. രാവിലെ ആരംഭിക്കുന്ന ശല്യം വൈകിട്ടു വരെയുണ്ട്. കൃഷിയിടത്തിൽ വിഹരിക്കുന്ന കുരങ്ങുകളെ ഓടിക്കാൻ ശ്രമിച്ചാൽ കൂട്ടമായി എത്തി ആക്രമിക്കാൻ തുനിയും. ഇതിനാൽ കൃഷി ഉപേക്ഷിക്കുകയാണ്.
കുരങ്ങുകൾ എത്തിയ പറമ്പിലെ തെങ്ങിൽ നിന്ന് ആദായം ലഭിക്കുന്നില്ല. ഇളനീർ ആകുമ്പോൾ തന്നെ പറിച്ച് കുടിക്കും. തെങ്ങ് കൃഷി ഉപേക്ഷിച്ച കർഷകർ വനത്തിൽ നിന്ന് 2 കിലോമീറ്ററോളം മാറി വാഴക്കൃഷി തുടങ്ങിയെങ്കിലും കുരങ്ങുകൾ ഇവിടെയും എത്തി കൃഷി നശിപ്പിക്കുകയാണ്.
വനത്തിനോടു ചേർന്നുള്ള വിഭവങ്ങൾ തീർന്നതോടെയാണ് കുരങ്ങുകൾ കൂട്ടമായി കിലോമീറ്ററുകൾ താണ്ടി വിവിധ പ്രദേശങ്ങളിൽ എത്തുന്നത്. വാഴത്തോട്ടത്തിൽ കയറുന്ന കുരങ്ങുകൾ മുഴുവൻ കുലകളും കടിച്ചും തല്ലിപ്പൊഴിച്ചും കളയുകയാണ്.
പഴുക്കാറായ പഴങ്ങൾ കഴിച്ച ശേഷം കുലയിലെ മറ്റ് പഴങ്ങൾ കടിച്ചുപറിച്ചു കളയും. ഇത് പിന്നീട് കർഷകർക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇതോടെ വാഴക്കൃഷിയും അവസാനിപ്പിച്ച മട്ടിലാണു കർഷകർ. വാഴക്കൃഷി ചെയ്യുന്ന കർഷകർ 24 മണിക്കൂറും തോട്ടത്തിനു കാവൽ നിൽക്കേണ്ട സ്ഥിതിയാണ്. രാവിലെ കുരങ്ങുകളെ തോട്ടത്തിൽ അടുപ്പിക്കാതെ പണിയെടുക്കുന്ന കർഷകർക്ക് രാത്രി അൽപം മയങ്ങാം എന്നുവച്ചാലും പന്നി ശല്യം കാരണം ഉറക്കമില്ലാത്ത അവസ്ഥയാണ്.
വീടുകളിലും കുരങ്ങിന്റെ ആക്രമണം കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമേ ഓടും ഷീറ്റും മേഞ്ഞ വീടുകളിലും കുരങ്ങുകൾ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനാൽ സമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണു നാട്ടുകാർ.
വീടിനുള്ളിൽ ഭക്ഷണം ഉണ്ടാക്കി വച്ചാൽ ഇത് അപഹരിക്കാൻ കുരങ്ങുകൾ വീടിനുള്ളിൽ പ്രവേശിക്കും. എതിർക്കാൻ ശ്രമിച്ചാൽ ചീറിക്കൊണ്ട് ഉപദ്രവിക്കാൻ എത്തും. കുരങ്ങുകളിൽ നിന്നു പകരുന്ന രോഗങ്ങളുടെ ഭീഷണിയും പ്രദേശവാസികളെ അലട്ടുന്നുണ്ട്.