ഇയര്‍ഫോണ്‍ വൃത്തിയാക്കാറുണ്ടോ? ഓര്‍മപ്പെടുത്താന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍

ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നവരാവും ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളും. എന്നാല്‍ എപ്പോഴാണ് നിങ്ങള്‍ അവസാനമായി നിങ്ങളുടെ ഇയര്‍പോണുകള്‍ വൃത്തിയാക്കിയിട്ടുള്ളത്? ചെവിയ്ക്കകത്ത് തിരുകി വെച്ച് ഉപയോഗിക്കുന്ന ഇയര്‍ഫോണുകളില്‍ പലപ്പോഴും ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പും മറ്റ് പൊടികളും അടിഞ്ഞ് കൂടിയിട്ടുണ്ടാവും. ഇത് കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാറുണ്ടോ നിങ്ങള്‍?
ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സോ പിക്‌സല്‍ ബഡ്‌സ് പ്രോയോ ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ പിക്‌സല്‍ ബഡ്‌സ് ഇയര്‍ഫോണുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാന്‍ ഗൂഗിള്‍ ഓര്‍മിപ്പിക്കും. പിക്‌സല്‍ ബഡ്‌സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പുതിയ നോട്ടിഫിക്കേഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് 9ടു5 ഗൂഗിള്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശബ്ദ ഗുണമേന്മ നിലനിര്‍ത്താനും ബഡ്‌സ് കൃത്യമായി ചാര്‍ജ് ആവുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിങ്ങളുടെ പിക്‌സല്‍ ബഡ്‌സ് വൃത്തിയാക്കുന്നത് സഹായിക്കുമെന്ന അറിയിപ്പാണ് ആപ്പ് നല്‍കുക.
എന്നാല്‍, ഏത് ഇയര്‍ബഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും പിന്തുടരാവുന്ന നിര്‍ദേശമാണിത്. ഇയര്‍ഫോണിന്റെ ശബ്ദത്തിനോ ചാര്‍ജ് ചെയ്യുന്നതിനോ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇയര്‍ഫോണ്‍ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
നോട്ടിഫിക്കേഷന്‍ നല്‍കുന്നതിനായി നിങ്ങള്‍ പിക്‌സല്‍ ബഡ്‌സ് എത്രനേരം ഉപയോഗിക്കുന്നുണ്ട് എന്ന് ഗൂഗിള്‍ പരിശോധിക്കും. 120 മണിക്കൂര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിക്‌സല്‍ ബഡ്‌സ് വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കും. അവ എങ്ങനെ കൃത്യമായി വൃത്തിയാക്കണമെന്ന നിര്‍ദേശങ്ങളും ആപ്പില്‍ ലഭ്യമാണ്.