പൊലീസിന് കരുത്തായി 2681 പേർ കൂടി; തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു

കേരള പൊലീസിന് ഇനി 2681 പേരുടെ അധികക്കരുത്ത്. പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു.
തൃശൂർ കെപയിൽ 305, മലപ്പുറം എം.എസ്.പി.യിലും മേൽമുറി ക്യാമ്പിലുമായി 484, എസ്.എ.പി.യിൽ 324, കെ.എ.പി–1, ആർ.ആർ.എഫ് എന്നിവിടങ്ങളിലായി 330, കെ.എ.പി–-2ൽ 353, കെ.എ.പി–3ൽ 449, കെ.എ.പി–4ൽ 268, കെ.എ.പി– 5ൽ 168 എന്നിങ്ങനെയാണ് സർവീസിൽ പ്രവേശിച്ചവരുടെ എണ്ണം.
ഇരുനൂറ്റി നാൽപ്പത്തിമൂന്ന് വനിതകൾ ഉൾപ്പെടെയാണ് പുതിയ ബാച്ച്. ഇവരിൽ എട്ടുപേർ എം-ടെക് ബിരുദധാരികളും 214 പേർ ബി-ടെക്കുകാരുമാണ്. 42 പേർക്ക് എം.ബി.എ ഉണ്ട്. 209 ബിരുദാനന്തര ബിരുദധാരികളും 878 ബിരുദധാരികളും പുതിയ ബാച്ചിലുണ്ട്.
പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ നിർവഹിച്ചു. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, കേരള പൊലീസ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി ഗോപേഷ് അഗർവാൾ, ഡി.ഐ.ജി രാഹുൽ ആർ. നായർ, കമാൻഡന്റ് ജി. ജയദേവ് തുടങ്ങിയവർ പങ്കെടുത്തു.