പരീക്ഷ സൂപ്പറാ, ഉത്തരം ലാപ് ടോപ്പിലുണ്ട്

ന്യൂമാഹി : ഓണപ്പരീക്ഷയിൽ ഉത്തരമെഴുതാൻ കടലാസിനുപകരം ലാപ്‌ടോപ്. പേനയ്ക്ക് പകരം ടോക്‌ബാക് സംവിധാനമടങ്ങിയ കീബോർഡ്. ഇത് ഒരു ടെക്കിയുടെ ഹോബിയല്ല, മറിച്ച് ജന്മനാ നൂറുശതമാനം കാഴ്ചശക്തിയില്ലാത്ത ഒരു മിടുക്കന്റെ പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി തന്റെ പരിമിതികളെ പടിക്കുപുറത്താക്കുകയാണ് അനുനന്ദ് എന്ന ഈ വിദ്യാർഥി.
ഈയ്യത്തുങ്കാട് ‘അനുനന്ദന’ത്തിൽ കെ. അഭിലാഷിന്റെയും കെ. ഷമിനയുടെയും മകനായ അനുനന്ദ്, ന്യൂമാഹി പഞ്ചായത്തിൽനിന്നും ലഭിച്ച ലാപ്ടോപ്പിന്റെ സഹായത്താൽ പരീക്ഷ എഴുതിയതിന്റെ ത്രില്ലിലാണ്. ന്യൂമാഹി എം.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അനുനന്ദ്, ഏഴാം ക്ലാസുവരെ പകർത്തെഴുത്തുകാരുടെ സഹായത്തോടെയായിരുന്നു പരീക്ഷയെഴുതിയിരുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും അനായാസം ടൈപ്പ് ചെയ്യുന്ന അനുനന്ദിന് സ്വന്തമായി പരീക്ഷയെഴുതണമെന്ന മോഹം സ്കൂൾ അധികൃതരാണ് സഫലമാക്കിയത്. അധ്യാപിക ചോദ്യങ്ങൾ വായിക്കുകയും അനുനന്ദ് ഉത്തരം ടൈപ്പ് ചെയ്യുകയുമായിരുന്നു. കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ വരുന്ന അക്ഷരത്തെറ്റുകൾ ടോക്ക് ബാക് സംവിധാനത്തിലൂടെ അറിയിപ്പ് നൽകുംവിധമാണ് സംവിധാനം. ഓൾ കേരള ബ്ലൈൻഡ് അസോസിയേഷനിൽനിന്നും ലഭിച്ച, ബ്രെയ്‌ലി ലിപിയിലുള്ള പാഠപുസ്തകങ്ങൾ, അധ്യാപകരുടെ റെക്കോർഡഡ് ക്ലാസുകൾ, ബി.ആർ.സി.യിൽനിന്ന് ലഭിച്ച ഓഡിയോ ബുക്കുകൾ എന്നിവ ഉപയോഗിച്ചായിരുന്നു പഠനം. സ്കൂൾ ലൈബ്രറിയിൽനിന്ന് പുസ്തകങ്ങളെടുത്ത് അമ്മയെക്കൊണ്ട് വായിപ്പിക്കുന്ന അനുനന്ദ്, ഒറ്റ സ്‌പർശനത്തിൽ ആളുകളെ തിരിച്ചറിയുമെന്ന് അഭിലാഷ് പറഞ്ഞു.
അനുനന്ദിനെ കൂടാതെ കാഴ്ചപരിമിതിയുള്ള അശ്വിൻ എന്ന വിദ്യാർഥി കൂടിയുണ്ട് ഇതേ ക്ലാസിൽ. ഏഴാം ക്ലാസുവരെ കോഴിക്കോട് കുളത്തറ ബ്ലൈൻഡ് സ്കൂളിൽ പഠിച്ചിരുന്ന ചങ്ങാതിമാരെ എട്ടാംക്ലാസിലും രക്ഷിതാക്കൾ ഒരുമിച്ച് ചേർക്കുകയായിരുന്നു. അനുനന്ദിനൊപ്പമാണ് വടകര രണ്ടാംമൈലിലെ സി.പി. സുരേഷ് മണിയുടെയും കെ.കെ. ഉഷയുടെയും മകനായ അശ്വിന്റെയും താമസം. ക്ലാസ് ടീച്ചർ എസ്. ഷൈനി ഇരുവർക്കും സഹായവുമായി എപ്പോഴും കൂടെയുണ്ട്.