ആസാദി കാ അമൃത് മഹോത്സവ്: ബോധവത്കരണ പ്രദർശനം 18ന് സമാപിക്കും

Share our post

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ആഗസ്ത് 18ന് സമാപിക്കും.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, ഐ. സി. ഡി. എസ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിലാണ് പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ പരിപാടി ആരംഭിച്ചത്.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂർവ്വ ഫോട്ടോ പ്രദർശനം, തപാൽ, ശുചിത്വമിഷൻ, ആയുഷ് ഹോമിയോ തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, ആധാർ തിരുത്തൽ ഉൾപ്പെടെയുള്ള സേവനങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, കലാപരിപാടികൾ എന്നിവയാണുള്ളത്.

സ്വച്ഛഭാരത് അഭിയാൻ എന്ന വിഷയത്തിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഇ മോഹനൻ, പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയെക്കുറിച്ച് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ആർ. കെ സ്മിത, അപകടങ്ങളും പ്രഥമ ശുശ്രൂഷയും സംബന്ധിച്ച് പയ്യന്നൂർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അരുൺ എന്നിവർ ക്ലാസെടുത്തു.

പയ്യന്നൂർ ഐ.സി.ഡി.എസിനു കീഴിലെ 300 അങ്കണവാടികളിൽ നിന്നുള്ള വർക്കർമാരും ഹെൽപ്പർമാരും ക്ലാസിൽ പങ്കെടുത്തു. സമാപന ദിവസം ഡിജിറ്റൽ ബാങ്കിംഗും സർക്കാർ ഫിനാൻസ് സ്‌കീമുകളും എന്ന വിഷയത്തിൽ കെ. ജെ ഫ്രാൻസിസ്, മിഷൻ ഇന്ദ്രധനുഷ് എന്ന വിഷയത്തിൽ ഡോ.അശ്വിൻ എന്നിവരും ക്ലാസെടുക്കും.

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കണ്ണൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ .മാത്യു, ടെക് നിക്കൽ അസിസ്റ്റന്റ് കെ. എസ് ബാബു രാജൻ എന്നിവരാണ് ബോധവൽക്കരണ പ്രദർശന പരിപാടിക്ക് നേതൃത്വം നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!