ധർമ്മശാലയിൽ കൽക്കോ സൂപ്പർ മാർക്കറ്റ് 16ന് എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

കണ്ണൂർ : കല്ല് കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം ലിമിറ്റഡിന്റെ നേതൃത്വത്തിൽ ധർമ്മശാലയിലെ കൽക്കോ ബിൽഡിങ്ങിൽ ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റ്, മിനി ഹാൾ, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം 16ന് നടക്കും. എം.എൽ.എ എം.വി ഗോവിന്ദൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. മിനി ഹാളിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ നിർവഹിക്കും.
ഓപ്പൺ ഓഡിറ്റോറിയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ. എസ് ഷിറാസ് ഉദ്ഘാടനം ചെയ്യും. ഇരിണാവ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ടി. ചന്ദ്രൻ ആദ്യ വില്പന നടത്തും.
ചടങ്ങിൽ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിക്കും. തുടർന്ന് പ്രിവിലേജ് കാർഡ് വിതരണം,ആദ്യകാല മെമ്പർമാരെ ആദരിക്കൽ, എസ്. എസ്. എൽ. സി, പ്ലസ് ടു വിജയികളെ അനുമോദിക്കൽ എന്നിവ നടക്കും.
ഹാൻവീവ് ചെയർമാൻ ടി. കെ ഗോവിന്ദൻ മാസ്റ്റർ,ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി. കെ ശ്യാമള, വിസ്മയ വൈസ് ചെയർമാൻ കെ. സന്തോഷ്, കൽക്കോ പ്രസിഡന്റ് പി. അശോക് കുമാർ തുടങ്ങിയവർ പങ്കെടുക്കും.