വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ് സെന്ററുമായി മട്ടന്നൂര്‍ നഗരസഭ

Share our post

വിവാഹ പൂര്‍വ്വ കൗണ്‍സലിംഗിനായി മട്ടന്നൂര്‍ നഗരസഭയില്‍ കേന്ദ്രം ഒരുങ്ങുന്നു. വിവാഹജീവിതത്തിലേക്ക് കടക്കുന്ന യുവതീ-യുവാക്കള്‍ക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റി സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹത്തിന് മുമ്പ് കൗണ്‍സലിംഗ് നല്‍കുന്നത്.

സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളാല്‍ വിവാഹത്തിന് ശേഷം പെട്ടെന്ന് വേര്‍പിരിയുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യമാണ് നഗരസഭയെ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കാന്‍ പ്രേരിപ്പിച്ചത്. നഗരസഭ കുടുംബശ്രീ സി. ഡി. എസ് ഓഫീസ് കെട്ടിടത്തിലാണ് കൗണ്‍സലിംഗ് സൗകര്യം ഒരുക്കുന്നത്.

കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഒരു രജിസ്‌ട്രേഷന്‍ ഫോറം ലഭ്യമാക്കും. 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ മുതല്‍ രജിസ്റ്റര്‍ ചെയ്യാം. കൗണ്‍സലിംഗ് സൗജന്യമാണ്. വിവാഹത്തിലേക്ക് കടക്കുന്നവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍, സംശയങ്ങള്‍, വിവാഹ ജീവിതത്തെക്കുറിച്ചുള്ള മുന്‍വിധികള്‍ എന്നിവ കൗണ്‍സലറുമായി പങ്കുവെക്കാം.

വിവാഹ ബന്ധങ്ങളിലെ താളപ്പിഴകള്‍ ഒഴിവാക്കാനും മെച്ചപ്പെട്ട കുടുംബജീവിതം നയിക്കാനും യുവതീ യുവാക്കള്‍ക്ക് ആവശ്യമായ വഴികാട്ടിയാകും ഇത്.നിലവില്‍ കൗണ്‍സലറെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സെപ്തംബറില്‍ പദ്ധതി തുടങ്ങും. പദ്ധതിക്കായി 2023-2024 സാമ്പത്തിക വര്‍ഷം 80,000 രൂപയാണ് നഗരസഭ നീക്കിവെച്ചിട്ടുള്ളത്.

വരും വര്‍ഷങ്ങളില്‍ വിവാഹം കഴിഞ്ഞവര്‍ക്കുള്ള കൗണ്‍സലിംഗ് കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണ് നഗരസഭ. പദ്ധതി അവതരണ വേളയിലും വാര്‍ഡ് സമിതികളിലും വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!