സജിത്തിന്റെ കയ്യിൽ വർണങ്ങളുടെ സുരക്ഷയും ഭദ്രം

തലശ്ശേരി : ലാത്തിയും തോക്കുമേന്തുന്ന കൈകൾ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ നിറം പകർന്നത് അഹിംസാ പ്രവാചകന്റെ മനോഹര ചിത്രത്തിന്. വിശാലമായ ജില്ലാ കോടതി മുറിയിൽ സ്ഥാപിക്കാനായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം വരച്ചത് പയ്യന്നൂർ പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.പി.സജിത്ത്.
പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസിലെ ലെയ്സൺ ഓഫിസറാണ് സജിത്ത് ഇപ്പോൾ. പൈതൃക കെട്ടിടമായ ജില്ലാക്കോടതി മുറിയിലെ പഴക്കമുള്ള ഗാന്ധിചിത്രത്തിന് പകരം പുതിയ ചിത്രം വരയ്ക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാറാണ് സജിത്തിനോട് ആവശ്യപ്പെട്ടത്.
നാലു ദിവസം കൊണ്ട് വലിയ കാൻവാസിൽ അക്രിലിക്കിൽ പൂർണകായ ചിത്രം വരച്ച് സജിത്ത് പബ്ലിക് പ്രോസിക്യൂട്ടറെ ഏൽപിച്ചു. കയ്യിൽ ഗീതയുമായി നടന്നു നീങ്ങുന്ന മഹാത്മജിയുടെ ചിത്രം അതിമനോഹരമാണ്. ഇന്നലെ കോടതിയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ ചിത്രം ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദിന് കൈമാറി. കടന്നപ്പള്ളി കുഞ്ഞിപ്പുരയിൽ സജിത്ത്കുമാർ ഇതിന് മുൻപും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
തലശ്ശേരി ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് മുറ്റത്തെ രണ്ട് വലിയ മാവുകൾക്ക് മുകളിൽ ഇവിടെ എത്തുന്നവരെയൊക്കെ ആകർഷിക്കുന്ന രണ്ട് ചിത്രങ്ങൾ ഇപ്പോഴും കാണാം. ഒന്ന് തലശ്ശേരി കോട്ടയുടെ പശ്ചാത്തലത്തിലുള്ള കഥകളി രൂപവും മറ്റൊന്ന് അമ്മയും കുഞ്ഞിന്റെയും ചിത്രമാണ്. സജിത്തിലെ ചിത്രകാരനെ അറിഞ്ഞ പബ്ലിക് പ്രോസിക്യൂട്ടർ അജിത്ത് കുമാറാണ് പെയിന്റും ആവശ്യമായ സാധനങ്ങളും നൽകി ഈ ചിത്രങ്ങളും വരപ്പിച്ചത്.
കണ്ണൂർ എ.ആർ ക്യാംപിൽ തെയ്യത്തിന്റെ ചിത്രവും മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്തെ കുളത്തിന്റെ ചുമരിൽ 18 ചിത്രങ്ങളും നേരത്തെ സജിത്ത് ഒരുക്കിയിരുന്നു. കണ്ണൂരിലെ ചിത്രകലാ വിദ്യാലയത്തിൽ പഠിച്ചിരുന്നെങ്കിലും പൊലീസിൽ ചേർന്നതോടെ ജോലി തിരക്കിനിടയിൽ വരയ്ക്കാൻ സമയം കിട്ടാറില്ല.
എന്നാൽ ചെല്ലുന്നിടത്തെ മേലുദ്യോഗസ്ഥരുടെ പ്രോൽസാഹനത്തിൽ സജിത്ത് തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും ഇപ്പോൾ സമയം കണ്ടെത്തുന്നു. നമ്രതയാണ് ഭാര്യ. രണ്ടു മക്കൾ നൈനികയും നൈകയും.