രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി 36 മാസത്തിനുള്ളിൽ

Share our post

കോഴിക്കോട്‌ : ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്കും ഗവേഷണകേന്ദ്രത്തിനുമുള്ള ആർക്കിടെക്‌ച‌റൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡർ ക്ഷണിച്ചു. പ്രോജക്ട്‌ കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസസ്‌ (എച്ച്‌.ഐ.ടി.ഇ.എസ്‌) ആണ്‌ ടെൻഡർ ക്ഷണിച്ചത്‌. സെപ്‌തംബർ നാലുവരെ ടെൻഡർ നൽകാം. അന്നുതന്നെ തുറക്കും. തിങ്കളാഴ്‌ചയാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌.

അവയവമാറ്റ ശസ്‌ത്രക്രിയ, തുടർ ചികിത്സ, ഗവേഷണം എന്നിവയിൽ ലോകത്തിന്‌ മാതൃകയാകുന്നതാണ്‌ കോഴിക്കോട്‌ ചേവായൂരിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന ആശുപത്രി. പദ്ധതിക്കായി കിഫ്‌ബിയിൽ നിന്ന്‌ 500 കോടി രൂപയാണ്‌ ചെലവഴിക്കുക. 

16 ലക്ഷം ചതുരശ്ര അടി കെട്ടിടം

ചേവായൂർ ചർമരോഗാശുപത്രിയിലെ 25 ഏക്കർ ക്യാമ്പസിലാണ്‌ ആശുപത്രി ഉയരുക. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും. 16 ലക്ഷം ചതുരശ്ര അടിയിൽ 20 നിലകളുണ്ടാകും. ഒന്നാം ഘട്ടത്തിൽ ഗവേഷണകേന്ദ്രം, ആശുപത്രി, പാർക്കിങ്, ഓഡിറ്റോറിയം, എയർ ആംബുലൻസുകൾക്കുള്ള ഹെലിപ്പാഡ്‌, ലക്‌ചറർ സമുച്ചയം, നഴ്‌സസ്‌ ഹോസ്‌റ്റൽ തുടങ്ങിയവയും രണ്ടാംഘട്ടത്തിൽ ക്വാർട്ടേഴ്‌സുകളും അനുബന്ധ സൗകര്യങ്ങളും നിർമിക്കും. അവയവമാറ്റ ശസ്‌ത്രക്രിയാ വിദഗ്‌ധൻ മലപ്പുറം സ്വദേശി ഡോ. ബിജു പൊറ്റെക്കാട്ടാണ്‌ സ്‌പെഷ്യൽ ഓഫീസർ.

വർഷം 500 വൃക്കയും 300 കരളും മാറ്റിവെക്കും

വർഷം 500 വൃക്ക മാറ്റിവയ്‌ക്കൽ, 50 ഹൃദയമാറ്റ ശസ്‌ത്രക്രിയകൾ ചെയ്യാൻ സൗകര്യമുണ്ടാകും. 1200 കണ്ണ്‌, 300 കരൾ, 15 പാൻക്രിയാസ്‌, 120 മജ്ജ, 300 കോശം, 15 കുടൽ, 50 ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കും. 16 ശസ്‌ത്രക്രിയാ തിയറ്ററും 489 കിടക്കകളും ഉണ്ടാവും. 30 അക്കാദമിക്‌ കോഴ്‌സുകൾ, പോസ്‌റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്പുകൾ, സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകൾ, ട്രാൻസ്‌പ്ലാന്റ്‌ ടെക്‌നീഷ്യൻ കോഴ്സുകൾ എന്നിവയും പരിശീലന, ഗവേഷണ കേന്ദ്രങ്ങളുമുണ്ടാകും. ഒന്നാംഘട്ടത്തിൽ 15 ഉം രണ്ടാംഘട്ടത്തിൽ ഏഴും സ്‌പെഷ്യാലിറ്റി വകുപ്പുകൾ ഉൾപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!