ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

Share our post

കൊച്ചി : ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പോക്‌സോ നിയമത്തെക്കുറിച്ചും സ്‌കൂൾ കുട്ടികളിൽ അവബോധമുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു.

സർക്കാരും സ്‌റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങും (എസ്‌.സി.ഇ.ആർ.ടി) കേരള സ്‌റ്റേറ്റ്‌ ലീഗൽ സർവീസസ്‌ അതോറിറ്റിയും നടത്തുന്ന പ്രവർത്തനങ്ങൾക്കാണ്‌ അഭിനന്ദനം. ഇക്കാര്യങ്ങളിൽ അവബോധം നൽകുന്ന പാഠഭാഗങ്ങൾ അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് എസ്‌.സി.ഇ.ആർ.ടി വ്യക്തമാക്കി. ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ആറ്‌, എട്ട്‌, ഒമ്പത്‌ ക്ലാസുകളിൽ അടുത്ത അധ്യയനവർഷം മുതലും രണ്ട്, നാല്‌, ഏഴ്‌, പത്ത്‌ ക്ലാസുകളിൽ 2025–-26 മുതലും ഉൾപ്പെടുത്തും. അധ്യാപകർക്കായി ശിൽപ്പശാലകൾ നടത്തും.

2022ൽ പോക്‌സോ കേസ്‌ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്‌ കൗമാരക്കാർക്കിടയിൽ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നത്‌ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്‌. പോക്‌സോ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് അവബോധമില്ലാത്തതാണ് കാരണമെന്ന് കോടതി വിലയിരുത്തി. തുടർന്നാണ്‌ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ സർക്കാരിന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും അഭിപ്രായം തേടിയത്‌. പോക്‌സോ നിയമത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിയതായും 1,12,000 പേർ പങ്കെടുത്തതായും സർക്കാർ വ്യക്തമാക്കി. ഹയർ സെക്കൻഡറി അധ്യാപകർക്ക്‌ ഓറിയന്റേഷൻ ക്ലാസുകൾ നൽകിയതായി കെൽസയും അറിയിച്ചു. സി.ബി.എസ്‌.ഇ.യുടെ അഭിപ്രായവും കോടതി തേടിയിട്ടുണ്ട്‌. ഹർജി വീണ്ടും സെപ്‌തംബർ ഒമ്പതിന്‌ പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!