വാഹനാപകടത്തിൽ രക്തം വാർന്ന്‌ റോഡിൽ കിടന്നവർക്ക്‌ രക്ഷകരായി ജെയ്‌ക്കും മന്ത്രി വാസവനും

Share our post

പുതുപ്പള്ളി : ബൈക്കപകടത്തിൽ പരിക്കേറ്റ്‌ റോഡിൽ രക്തംവാർന്ന്‌ കിടന്ന രണ്ടുപേർക്ക്‌ രക്ഷകരായി പുതുപ്പള്ളിയിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി. തോമസും മന്ത്രി വി.എൻ. വാസവനും. തിങ്കളാഴ്ച ഉച്ചയോടെ എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് വരുംവഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ റോഡിൽ കിടക്കുന്നത്‌ കണ്ടത്‌. ഉടൻ വണ്ടി നിർത്തി ഇരുവരും പുറത്തിറങ്ങി. രണ്ടുപേരും അബോധാവസ്ഥയിലാണെന്ന്‌ മനസിലാക്കിയ ജെയ്‌ക്കും വാസവനും ഒരാളെ ഉടൻ പൈലറ്റ്‌ വാഹനത്തിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്കയച്ചു.

അതുവരെ ഭയന്ന്‌ മാറിനിന്ന ആളുകൾ രണ്ടാമനെ റോഡിൽ നിന്നെടുക്കാൻ ഒപ്പംകൂടി. ഡി.വൈ.എഫ്‌.ഐ വെണ്ണിക്കുളം മേഖല സെക്രട്ടറി എൻ.എസ്‌. ആകാശും സഹായത്തിനെത്തി. അപകടത്തിൽപെട്ട കാർ അവിടെത്തന്നെ ഉണ്ടായിരുന്നു. അതിൽ കയറ്റിയാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രണ്ടുപേർക്കും ചികിത്സയ്‌ക്ക്‌ ഏർപ്പാടുകൾ ചെയ്‌തശേഷമാണ് ജെയ്‌ക്കും വാസവനും മടങ്ങിയത്‌. പരിക്കേറ്റ രണ്ടുപേരെയും പിന്നീട്‌ കളമശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. അപകടവിവരം അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി പൊലീസിന്‌ നിർദേശം നൽകി.

അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക്‌ അതിന്റെപേരിൽ നിയമനടപടി നേരിടേണ്ടിവരില്ലെന്ന്‌ മന്ത്രി വി.എൻ. വാസവൻ പിന്നീട്‌ ഫേസ്‌ബുക്കിൽ കുറിച്ചു. അവരെ ചേർത്തുനിർത്തുകയാണ് സർക്കാർ. ‘‘മനുഷ്യത്വം നഷ്ടമാകരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്സ സമയത്ത് കിട്ടാതെ വരുമ്പോഴാണ്, ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്’’.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!