കോളയാട് പഞ്ചായത്തിൽ അങ്കണവാടി വർക്കർ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി; കോൺഗ്രസ് പരാതി നല്കി

Share our post

കോളയാട്: പഞ്ചായത്തിലെ അങ്കണവാടി വർക്കർ നിയമനത്തിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നതായി ആക്ഷേപം. ഈ സാഹചര്യത്തിൽ കോളയാട് പഞ്ചായത്ത് അംഗീകാരത്തിന് സമർപ്പിച്ച അങ്കണവാടി വർക്കർ നിയമന റാങ്ക് പട്ടിക റദ്ദാക്കാണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുവികസന ഓഫീസർക്കും പേരാവൂർ ബ്ലോക്ക് ശിശുവികസന ഓഫീസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും കോൺഗ്രസ് പരാതി നല്കി. ഇതോടെ, അങ്കണവാടി വർക്കർ നിയമനവുമായി ബന്ധപ്പെട്ട് കോളയാട് പഞ്ചായത്തിൽ ഏറെ നാളായി പുകയുന്ന തർക്കം പുതിയ വിവാദത്തിലേക്ക് നീങ്ങുകയാണ്.

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ അഞ്ചുപേരിൽ രണ്ടുപേർ സെലക്ഷൻ കമ്മിറ്റിയംഗങ്ങളുടെ ബന്ധുക്കളാണെന്നും ബാക്കി മൂന്നു പേർ ഭരണപക്ഷ പാർട്ടിയായ സി.പി.എമ്മിന്റെ സ്വന്തക്കാരാണെന്നുമാണ് പ്രധാന ആരോപണം. സെലക്ഷൻ കമ്മിറ്റിയിൽ സി.പി.എമ്മിന്റെ രണ്ട് പ്രധാന നേതാക്കളെ ഉൾപ്പെടുത്തി സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് ശ്രമമെന്നും കോൺഗ്രസ് ആരോപിക്കുന്നു.

നൂറു കണക്കിന് അർഹരായ യുവതികളെ അഭിമുഖത്തിന് വിളിച്ചുവരുത്തി, പിൻവാതിലിലൂടെ സ്വന്തം പാർട്ടിക്കാരെ മാത്രം നിയമിക്കാനാണ് സെലക്ഷൻ കമ്മിറ്റി ശ്രമിച്ചതെന്ന് കോൺഗ്രസ് പരാതിയിൽ പറയുന്നു. റാങ്ക് പട്ടിക റദ്ദാക്കാനും മാനദണ്ഡം പാലിക്കാതെയുള്ള സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കാനും കോൺഗ്രസ് പരാതിയിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചായത്തിൽ ഇതുവരെ നടന്ന എല്ലാ നടപടിക്രമങ്ങളും റദ്ദാക്കി, പൊതുപ്രവർത്തകരുടെ തിരഞ്ഞെടുപ്പ്, അഭിമുഖം റാങ്ക് ലിസ്റ്റ് എന്നിവ പുതുതായി നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ആരോപണം അടിസ്ഥാനരഹിതം

പഞ്ചായത്തിൽ അങ്കണവാടി വർക്കർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്ത് പ്രസിഡൻറ് എം. റിജി പറഞ്ഞു. നിലവിൽ അംഗീകാരത്തിന് സമർപ്പിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർ മതിയായ യോഗ്യതയുള്ളവർ മാത്രമാണ്. ആക്ഷേപമുള്ളവർക്ക് വിവരാവകാശം നല്കിയാൽ വിശദ വിവരം ലഭിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!