മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകരില്ല

മയ്യഴി: അധ്യാപകക്ഷാമം നിലനിൽക്കുന്ന മാഹിയിലെ സർക്കാർ സ്കൂളുകളിൽ പാഠങ്ങൾ പഠിപ്പിക്കാതെ പാദവാർഷിക പരീക്ഷയിലേക്ക് വിദ്യാർഥികളെ തള്ളിവിടുന്നു. മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ 47 അധ്യാപക തസ്‌തികയാണ് പത്തുവർഷമായി ഒഴിഞ്ഞുകിടക്കുന്നത്.
ചുരുക്കം ചില താൽക്കാലിക നിയമനമല്ലാതെ സ്ഥിരനിയമനമൊന്നും ഇക്കാലയളവിൽ നടന്നിട്ടില്ല. സ്‌കൂളുകളിൽ ചില വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയാണ്. ഡബിൾ എൻജിൻ സർക്കാരുള്ള പുതുച്ചേരി സംസ്ഥാനത്താണ് ദുരവസ്ഥ.
പ്രീ–-പ്രൈമറി വിഭാഗത്തിൽ മൂന്നുവർഷമായി മൂന്ന് അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പ്രൈമറി വിഭാഗത്തിൽ 50 അധ്യാപകർ വേണ്ടിടത്ത് 40 പേരേയുള്ളൂ. നാല് പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാൻ പല സ്‌കൂളിലും പേരിനുപോലും അധ്യാപകരില്ല. 12 പേർ വേണ്ടിടത്ത് ഏഴ് സാമൂഹ്യശാസ്ത്രം അധ്യാപകരാണുള്ളത്.
ഹിന്ദി, മലയാളം, അറബിക് വിഷയങ്ങൾ പഠിപ്പിക്കാൻ ഒരേ അധ്യാപകർ വിവിധ സ്കൂളുകളിലേക്ക് നേട്ടോട്ടമാണ്. അറബിക് ഭാഷ പഠിപ്പിക്കാൻ എട്ട് അധ്യാപകർ വേണ്ടിടത്ത് രണ്ടുപേർ മാത്രം. പല സ്കൂളുകളിലും ഭാഷാധ്യാപനം നാമമാത്രമായേ നടക്കുന്നുള്ളൂ. അധ്യാപക ക്ഷാമത്തിനൊപ്പം യാതൊരു മുന്നൊരുക്കവുമില്ലാതെ സി.ബി.എസ്.ഇ പാഠ്യ പദ്ധതികൂടി നടപ്പാക്കിയത് പൊതുവിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുകയാണ്.
സി.ബി.എസ്.ഇ സിലബസ്സ് അനുസരിച്ചുള്ള പാഠപുസ്തകങ്ങളും എല്ലാ ക്ലാസിലും ലഭ്യമാക്കിയിട്ടില്ല. ഹയർ സെക്കൻഡറി വിഭാഗത്തിൽ ചില വിഷയങ്ങൾക്ക് ക്ലാസുകളേ നടക്കാത്ത സ്‌കൂളുകളുണ്ട്. മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്റെ തസ്തിക വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.എട്ടുവർഷമായി ഇൻ ചാർജ് ഭരണമാണ്. ഏതെങ്കിലും പ്രധാന അധ്യാപകനോ വൈസ് പ്രിൻസിപ്പലിനോ അധിക ചുമതല നൽകുകയാണ് പതിവ്.
പൊതുവിദ്യാഭ്യാസം
സംരക്ഷിക്കണം–-
ജി.എസ്.ടി.എ
മയ്യഴി മാഹിയിലെ പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗവ. സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അക്കാദമികരംഗത്തെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനുമുള്ള നടപടി പുതുച്ചേരി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ജി.എസ്.ടി.എ പ്രസിഡന്റ് പി യതീന്ദ്രൻ അഭ്യർഥിച്ചു.