ശ്രീകണ്ഠപുരം: ചെങ്ങളായിയെയും മലപ്പട്ടത്തെയും ബന്ധിപ്പിക്കുന്ന ചെങ്ങളായി – അഡൂർക്കടവ് പാലത്തിന്റെ നിർമാണം ടെൻഡറുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയതോടെ ജനം നിരാശയിൽ.
പാലത്തിന്റെ ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് ടെൻഡർ എടുത്തത്. എന്നാൽ, നിയമപരമായല്ല ടെൻഡർ നൽകിയതെന്നാരോപിച്ച് ഇരിക്കൂറിലെ കൺസ്ട്രക്ഷൻ കമ്പനിയാണ് കേസ് നൽകിയത്. ഇതോടെ പാലം നിർമാണവുമായി ബന്ധപ്പെട്ട മറ്റു നടപടിയെല്ലാം നിലച്ചു.
ജൂലൈ 17ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കൊണ്ട് പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം നടത്തിക്കാനിരിക്കെയാണ് കേസ് വന്നത്. തുടർന്ന് ഉദ്ഘാടനച്ചടങ്ങ് മാറ്റിവെച്ചു. നിയമപരമായാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ നൽകിയതെന്നും ഇരിക്കൂറിലെ കൺസ്ട്രക്ഷൻ കമ്പനി അനാവശ്യമായാണ് കേസ് നൽകിയതെന്നുമാണ് അധികൃതർ പറയുന്നത്.
ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലങ്ങളെ കൂടി ബന്ധിപ്പിക്കുന്നതാണ് പാലം. 12 കോടി ചെലവിലാണ് അഡൂർക്കടവിൽ പാലം നിർമിക്കാൻ തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2018-19 വർഷത്തെ ബജറ്റിൽ 9.50 കോടി പാലം നിർമാണത്തിന് അനുവദിച്ചിരുന്നു. സമീപ റോഡ് നിർമാണത്തിനായി നാട്ടുകാർ സൗജന്യമായി സ്ഥലം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, 2018-19 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ പ്ലാനിലും എസ്റ്റിമേറ്റിലും റീ കാസ്റ്റിങ് വരുത്തി. ഇതോടെ തുടർ നടപടികൾ നിലച്ചു. പിന്നീട് തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദന്, ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് എന്നിവർ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് തുടരുന്ന പ്രശ്നങ്ങള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് തടസ്സങ്ങള്‍ നീക്കി ടെൻഡർ നൽകിയത്. എന്നാൽ നിലവിൽ നിർമാണം കേസിൽ കുടുങ്ങിനിൽക്കുന്നതിനാൽ പാലം ഇനിയെന്ന് യാഥാർഥ്യമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ആശ്രയം തൂക്കുപാലം മാത്രം
ചെങ്ങളായി ടൗണിനടുത്ത കടവിലാണ് അഡൂരിനെ ബന്ധിപ്പിച്ച് പാലം പണിയുക. നിലവിൽ ഇവിടെ തൂക്കുപാലമാണ് ഏക ആശ്രയം. ദിനംപ്രതി കുട്ടികളും പ്രായമായവരുമെല്ലാം തൂക്കുപാലം കടന്നാണ് മറുകരകളിലെത്തുന്നത്.
പുതിയ പാലം വരുന്നതോടെ മലപ്പട്ടം, മയ്യിൽ ഭാഗത്തുള്ളവർക്കെല്ലാം ശ്രീകണ്ഠപുരം പോകാതെ ചെങ്ങളായി മേഖലയിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കും. വിമാനത്താവള ലിങ്ക് റോഡ് നിലവിൽ വരുമ്പോൾ മറ്റ് വിവിധയിടങ്ങളിൽ നിന്നും ലിങ്ക് റോഡിനെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായികൂടിയാണ് പുതിയ പാലം പണിയുന്നത്.
വിമാനത്താവളത്തിലേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. കാലവർഷത്തിൽ ശ്രീകണ്ഠപുരം നഗരവും പരിപ്പായി പ്രദേശവുമെല്ലാം വെള്ളത്തിനടിയിലായി ദിവസങ്ങളോളം ഗതാഗതം മുടങ്ങുന്നത് പതിവാണ്.
പാലം യാഥാർഥ്യമായാൽ ചെങ്ങളായി ഭാഗത്തെത്തുന്നവർക്ക് മലപ്പട്ടം, കണിയാർ വയൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനും സാധിക്കും. നിലവിൽ ഇവിടത്തെ തൂക്കുപാലം തുരുമ്പെടുത്ത് അപകട ഭീതിയിലാണ്. ചവിട്ടുപടികളും കൈവരിഭാഗവും തുരുമ്പിച്ചിട്ടുണ്ട്.
ഇത് ഏറെ അപകടക്കെണിയാണൊരുക്കുന്നത്. യാത്രക്കാരുടെ കാലിലും കൈയിലും തുരുമ്പിച്ച ഷീറ്റും കമ്പിയും കൊള്ളുന്നതും പതിവാണ്. പാലം യാഥാര്‍ഥ്യമായാൽ ഏറെക്കാലമായി മലപ്പട്ടം, ചെങ്ങളായി നിവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമാകും. പാലം യാഥാർഥ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ചെങ്ങളായി പഞ്ചായത്ത് ഒമ്പതാം വാർഡംഗം ആഷിഖ് ചെങ്ങളായി വകുപ്പു മന്ത്രിക്കടക്കം നിവേദനം അയച്ചിട്ടുണ്ട്.